കണ്ണൂര്‍: എടയന്നൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പതിനൊന്നുകാരനും മരിച്ചു. മട്ടന്നൂര്‍ – ചാലോട് റോഡിലെ എടയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്‍പിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഋഗ്വേദും (11) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഉണ്ടായ അപകടത്തില്‍ ഋഗ്വേദിന്റെ അമ്മ നെല്ലൂന്നി ലോട്ടസ് ഗാര്‍ഡനില്‍ നിവേദ (46), അനുജന്‍ സാത്വിക് (9) എന്നിവര്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് മരണമടഞ്ഞിരുന്നു. ചൊവ്വാഴ്ച്ച രാത്രി 9.45ഓടെ ചാല മിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു ഋഗ്വേദിന്റെ അന്ത്യം.
കുറ്റിയാട്ടൂര്‍ മുച്ചിലോട്ട് കാവില്‍ തെയ്യം കണ്ട് മടങ്ങുകയായിരുന്ന നിവേദയും മക്കളും സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് നെല്ലൂന്നി ഗ്രാമദീപം വായനശാല പരിസരത്തും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് ശേഷം 2.30ഓടെ മട്ടന്നൂര്‍ പൊറോറ നിദ്രാലയത്തില്‍ ‘ മൂവരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കും.

















