മണ്ഡലപൂജ 27ന്; ശബരിമല സന്നിധാനത്ത് വീണ്ടും ഭക്തജനത്തിരക്ക് കുത്തനെ വര്‍ധിച്ചു

Dec 24, 2025

ശബരിമല മണ്ഡലപൂജ അടുത്തതോടെ സന്നിധാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഭക്തജനത്തിരക്ക് ഉയര്‍ന്നു. തിങ്കളാഴ്ച ദര്‍ശനം നടത്തിയ തീര്‍ത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ തിങ്കളാഴ്ച രാത്രി 12 മണിവരെ 1,05,738 പേരാണ് ദര്‍ശനം നടത്തിയത്. അവധി ദിവസമായിരുന്ന ഞായറാഴ്ച തിരക്ക് താരതമ്യേന കുറവായിരുന്നു. ആ ദിവസം 61,576 പേരാണ് ശബരിമലയില്‍ എത്തിയത്. സീസണ്‍ ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ ശരാശരി ഒരു ലക്ഷം ഭക്തരാണ് പ്രതിദിനം ദര്‍ശനത്തിനെത്തിയിരുന്നത്. എന്നാല്‍ രണ്ടാഴ്ച പിന്നിട്ടതോടെ തിരക്ക് കുറഞ്ഞിരുന്നു.

ഇപ്പോഴാണ് വീണ്ടും ദിനംപ്രതി എത്തുന്നവരുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത്. തിരക്ക് കൂടിയതോടെ പതിനെട്ടാംപടിയില്‍ കയറുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടായി. ഞായറാഴ്ച മണിക്കൂറില്‍ ശരാശരി 1,800ലധികം പേര്‍ പതിനെട്ടാംപടി കയറിയിരുന്നുവെങ്കില്‍, തിങ്കളാഴ്ച അത് മണിക്കൂറില്‍ 3,500ലധികമായി. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ തന്നെ പമ്പയില്‍ നിന്ന് ഭക്തരുടെ ഒഴുക്ക് ശക്തമായി തുടരുകയായിരുന്നു.

ഇതോടെ മരക്കൂട്ടം മുതല്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്യൂ കോംപ്ലക്‌സുകളില്‍ ഏറെ നേരം കാത്തിരുന്ന ശേഷമാണ് ഭക്തര്‍ക്ക് സന്നിധാനത്ത് പ്രവേശിക്കാന്‍ കഴിഞ്ഞത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിവരെ 53,400 പേര്‍ ദര്‍ശനത്തിനായി എത്തിയതായി അധികൃതര്‍ അറിയിച്ചു. എല്ലുമേട് വഴിയും ശബരിമലയിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. എന്നാല്‍ പുല്‍മേട് വഴി ഒരു ദിവസം പരമാവധി 5,000 പേരെ മാത്രമാണ് കയറ്റിവിട്ടത്. ഈ സീസണില്‍ ഇതുവരെ പുല്‍മേട് വഴി സന്നിധാനത്ത് എത്തിയ ഭക്തരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിട്ടുണ്ട്.

LATEST NEWS