‘ദൈവങ്ങളുടെ പേരില്‍ നടത്തിയ സത്യപ്രതിജ്ഞ റദ്ദാക്കണം’; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് സിപിഎം

Dec 25, 2025

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി സിപിഎം. ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ റദ്ദാക്കണം എന്നാണ് സിപിഎമ്മിന്റെ ആവശ്യം. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്, കൗണ്‍സിലര്‍ എസ് പി ദീപക്ക് എന്നിവരാണ് പരാതി നല്‍കിയത്.

ഒരു പ്രത്യേക ദൈവത്തിന്റെ പേരില്‍ നടത്തുന്ന സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണെന്നാണ് സിപിഎം നിലപാട്. ദൈവ നാമത്തിലോ, ദൃഢപ്രതിജ്ഞയിലും പ്രതിജ്ഞ ചെയ്യാം. ഏതെങ്കിലും ഒരു ദൈവത്തിന്റെ പേരില്‍ സത്യ പ്രതിജ്ഞ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടങ്ങളും കോടതി വിധികളും നിലവിലുണ്ട്. തിരുവനന്തപുരത്ത് മാത്രം 20 പേര്‍ സത്യപ്രതിജ്ഞ തെറ്റായി ചൊല്ലി. ഇതിനെതിരെ കളക്ടര്‍ക്കും, തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഉടന്‍ കോടതിയെ സമീപിക്കും എന്നും അദ്ദേഹം പറഞ്ഞു.

ഭാരതാംബ, അയ്യപ്പന്‍, ആറ്റുകാല്‍ അമ്മ, ശ്രീ പത്മനാഭന്‍ എന്നിവരുടെ പേരിലായിരുന്നു ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ. അല്ലാഹുവിന്റെ നാമത്തില്‍ ഒരു യുഡിഎഫ് അംഗവും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ആ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് നടപടി ഉണ്ടായിട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് നീക്കം.

കളക്ടറുടെ സാന്നിധ്യത്തില്‍ നടന്ന സത്യ പ്രതിജ്ഞാ ചടങ്ങ് ചട്ട ലംഘനമുണ്ടോ എന്നതായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമായും പരിശോധിക്കുക. ചട്ടലംഘനം കണ്ടെത്തിയാല്‍ ഈ അംഗങ്ങള്‍ എല്ലാം വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടിവരും. നാളെ മേയര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിഷയം രാഷ്ട്രീയ ചര്‍ച്ചയാക്കാന്‍ കൂടിയാണ് സിപിഎം നീക്കം.

LATEST NEWS