കൊച്ചി: പോസ്റ്റ് ഓഫീസുകള്‍ വഴി ലഭിക്കുന്ന ഒരു സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗമാണ് നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് ( എന്‍എസ് സി). ഈ കേന്ദ്രസര്‍ക്കാര്‍ സ്‌കീം സ്ഥിര വരുമാനം ഉറപ്പാക്കുന്നു. 5 വര്‍ഷത്തെ ലോക്ക്-ഇന്‍ പിരീഡും 1.5 ലക്ഷം രൂപ വരെ ആദായനികുതി ഇളവും (സെക്ഷന്‍ 80സി പ്രകാരം) ലഭിക്കുന്ന ഈ സ്‌കീം ചെറുകിട, ഇടത്തരം വരുമാനക്കാര്‍ക്ക് നികുതി ലാഭിക്കാനും സമ്പാദ്യത്തിനും മികച്ചതാണ്.
7.7 ശതമാനമാണ് പലിശ നിരക്ക് വരുന്നത്. കുറഞ്ഞത് 1000 രൂപ മുതല്‍ ഇതില്‍ നിക്ഷേപം തുടങ്ങാവുന്നതാണ്. തുടര്‍ന്ന് 1000 രൂപയുടെ ഗുണിതമായാണ് നിക്ഷേപിക്കേണ്ടത്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് അവരുടെ പേരിലും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വേണ്ടി കുട്ടികളുടെ പേരിലും ഇതില്‍ നിക്ഷേപിക്കാവുന്നതാണ്. സംയുക്തമായി നിക്ഷേപിക്കാനും സാധിക്കും.
എന്‍എസ്സിയുടെ ആകര്‍ഷണം അതിന്റെ കോമ്പൗണ്ടിങ് ഇഫക്റ്റിലാണ്. ഉദാഹരണമായി 25 ലക്ഷം രൂപയുടെ നിക്ഷേപം നടത്തുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 36.47 ലക്ഷം രൂപയായി വളരും. ഏകദേശം 11.47 ലക്ഷം രൂപയാണ് പലിശ വരുമാനമായി ലഭിക്കുക. അടിസ്ഥാന കെവൈസി രേഖകളുമായി അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചാല്‍ ഇതില്‍ ചേരാവുന്നതാണ്. വായ്പാ സൗകര്യവും ലഭിക്കും. എന്‍എസ്സി സര്‍ട്ടിഫിക്കറ്റുകള്‍ ഈടായി നല്‍കി ബാങ്കില്‍ നിന്ന് വായ്പ എടുക്കാവുന്നതാണ്.



















