ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തില്‍ കളിക്കാനിറങ്ങിയ വെറ്ററന്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ആദ്യ പോരാട്ടത്തില്‍ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. പിന്നാലെ രണ്ടാം പോരിലും താരത്തിന്റെ മിന്നും ബാറ്റിങ്. ഗുജറാത്തിനെതിരായ രണ്ടാം പോരാട്ടത്തില്‍ ഡല്‍ഹിക്കായി കളത്തിലെത്തിയ കോഹ്‌ലി അതിവേഗ അര്‍ധ സെഞ്ച്വറി അടിച്ചെടുത്തു.
29 പന്തിലാണ് കോഹ്‌ലി അര്‍ധ സെഞ്ച്വറിയിലെത്തിയത്. 13 ഫോറും ഒരു സിക്‌സും സഹിതം 61 പന്തില്‍ 77 റണ്‍സെടുത്തു കോഹ്‌ലി പുറത്തായി. തുടരെ രണ്ടാം പോരിലും സെഞ്ച്വറിയടിക്കുമെന്നു പ്രതീതി ഉയര്‍ത്തിയാണ് കോഹ്‌ലിയുടെ ബാറ്റിങ് മുന്നോട്ടു പോയത്. അതിനിടെയാണ് മടക്കം. ആദ്യ മത്സരത്തില്‍ മുംബൈ ജേഴ്‌സിയിലെത്തിയ മുന്‍ നായകനും വെറ്ററന്‍ താരവുമായ രോഹിത് ശര്‍മയും സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ രണ്ടാം പോരാട്ടത്തില്‍ ഉത്തരാഖണ്ഡിനെതിരെ ഹിറ്റ്മാന് തിളങ്ങാനായില്ല. താരം ഗോള്‍ഡന്‍ ഡക്കായി മടങ്ങി.



















