മുഖ്യമന്ത്രിക്കൊപ്പം ചടങ്ങില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി; ഒറിജനല്‍ ദൃശ്യം പുറത്ത്

Dec 26, 2025

തിരുവനന്തപുരം: മുഖ്യമന്ത്രിക്കൊപ്പം ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി പൊലീസിന്റെ ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ആംബുലന്‍സ് ഉദ്ഘാടനച്ചടങ്ങിനായിരുന്നു പോറ്റി എത്തിയത്. താക്കോല്‍ കൈമാറുമ്പോള്‍ മുഖ്യമന്ത്രിക്കൊപ്പം പോറ്റിയും സമീപം നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സെക്രട്ടേറിയറ്റിലായിരുന്നു ആഗസ്റ്റ് 20ലെ പരിപാടി. ഈ പരിപാടിയുടെ ഫോട്ടോ വക്രീകരിച്ചതെന്നായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചത്. ഫോട്ടോ വിവാദത്തിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.

മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള രണ്ടു ഫോട്ടോകളില്‍ ഒന്ന് എഐയാണെന്നും രണ്ടാമത്തെ ഫോട്ടോയുടെ വിശദാംശങ്ങള്‍ വൈകാതെ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മുഖ്യമന്ത്രി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചെവി പിടിക്കുന്നതരത്തില്‍ പുറത്തുവന്ന ഫോട്ടോ അടൂര്‍ പ്രകാശ് പ്രചരിപ്പിക്കുന്നത് എഐ ആണെന്നും പോറ്റിയുടെ അടുത്ത് കൂടി നടന്നു പോകുന്ന മറ്റൊരു ഫോട്ടോയുടെ വിവരങ്ങള്‍ താമസിക്കാതെ പുറത്തുവരുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും പോറ്റിയും ഉള്ള ചിത്രം ചൂണ്ടിക്കാട്ടി ഇരുവരും തമ്മില്‍ നടത്തിയ സ്വകാര്യ സംഭാഷണം എന്തായിരുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ചോദിച്ചിരുന്നു. ആ ചിത്രം കണ്ടപ്പോള്‍ ശബരിമലയുടെ കാര്യം നിങ്ങളെ ഏല്‍പ്പിച്ചുവെന്നും ഇതുപോലെയുള്ള ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം പറയുന്നതായിട്ടാണ് തനിക്കു തോന്നിയതെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.

പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ചിത്രം പങ്കുവെച്ച കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രമണ്യനെതിരെ കേസ് എടുത്തിരുന്നു. സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് ചേവായൂര്‍ പൊലീസ് കേസെടുത്തത്. പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ കോണ്‍ഗ്രസ് നേതാവ് പങ്കിട്ടത്. എന്നാല്‍ പിന്നീട് ഇതില്‍ ഒരു ഫോട്ടോ പിന്‍വലിച്ചു. ആധികാരികത ഉറപ്പിച്ച ശേഷമാണ് പോസ്റ്റിട്ടതെന്നും എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് കേസെന്നും സുബ്രമണ്യന്‍ പ്രതികരിച്ചു. ഒരു ഫോട്ടോ പിന്‍വലിച്ചത് കൂടുതല്‍ വ്യക്തതയുള്ള ഫോട്ടോ ഇടാനാണെന്നും സുബ്രമണ്യന്‍ വിശദീകരിച്ചു.

LATEST NEWS