റോഡപകടങ്ങള്‍ കുറയ്ക്കാന്‍ സുപ്രധാന നീക്കം, വി-ടു-വി സാങ്കേതികവിദ്യ നടപ്പാക്കാന്‍ കേന്ദ്രം

Jan 9, 2026

ഡല്‍ഹി: രാജ്യത്ത് റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. നെറ്റ്വര്‍ക്ക് ഇല്ലാതെതന്നെ വാഹനങ്ങള്‍ക്ക് പരസ്പരം ആശയവിനിമയം നടത്താന്‍ സാധിക്കുന്ന വെഹിക്കിള്‍-ടു-വെഹിക്കിള്‍ (V2V) കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ നടപ്പിലാക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയ്യാറെടുക്കുന്നത്.

പുതിയ സംവിധാനം വരുന്നതോടെ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് പരസ്പരം സംവദിക്കാനും, മൊബൈല്‍ നെറ്റ്വര്‍ക്കുകളെയോ ഇന്റര്‍നെറ്റിനെയോ ആശ്രയിക്കാതെ തന്നെ നിരത്തുകളിലെ അപകടങ്ങളെ കുറിച്ച് മുന്‍കൂട്ടി അറിയിക്കുന്നതിനും തത്സമയം സുരക്ഷാ അലേര്‍ട്ടുകള്‍ അപ്ഡേറ്റ് പങ്കിടാനും സാധിക്കും. സംസ്ഥാന ഗതാഗത മന്ത്രിമാരുടെ വാര്‍ഷിക യോഗത്തിനുശേഷം കേന്ദ്ര റോഡ് ഗതാഗത – ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന സിം കാര്‍ഡ് പോലുള്ള ഒരു ഉപകരണം വഴിയായിരിക്കും ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഏത് ദിശയില്‍ നിന്നായാലും മറ്റൊരു വാഹനം വളരെ അടുത്തെത്തുമ്പോള്‍ വാഹനങ്ങള്‍ക്ക് തത്സമയ മുന്നറിയിപ്പുകള്‍ ലഭിക്കും. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് പിന്നില്‍ അതിവേഗത്തില്‍ സഞ്ചരിക്കുന്ന മറ്റുവാഹനങ്ങള്‍ ഇടിക്കുന്നതും മൂടല്‍മഞ്ഞും പോലുള്ള സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങളും തടയാന്‍ ഈ സംവിധാനം ഫലപ്രദമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

മറ്റൊരു വാഹനം അപകടകരമായ രീതിയില്‍ തൊട്ടടുത്തെത്തുമ്പോള്‍ വാഹനങ്ങള്‍ പരസ്പരം സിഗ്നലുകള്‍ കൈമാറുകയും ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. മോശം കാലാവസ്ഥയില്‍ യാത്ര ചെയ്യുന്നവരെയും ദീര്‍ഘദൂരം വാഹനം ഓടിക്കുന്നവരെയും സഹായിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ലോകത്ത് വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമാണ് ഇത്തരം സാങ്കേതികവിദ്യ നിലവില്‍ ഉപയോഗിക്കുന്നത്. ഈ പദ്ധതിക്ക് ഏകദേശം 5,000 കോടി രൂപ ചെലവ് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LATEST NEWS
‘ഒന്നാം നിലയിൽ നിന്ന് താഴെ വീണു, ‍ഞാൻ മരിച്ചെന്ന് അവരെല്ലാം കരുതി’; വെളിപ്പെടുത്തി ഇന്ത്യൻ താരം

‘ഒന്നാം നിലയിൽ നിന്ന് താഴെ വീണു, ‍ഞാൻ മരിച്ചെന്ന് അവരെല്ലാം കരുതി’; വെളിപ്പെടുത്തി ഇന്ത്യൻ താരം

മുംബൈ: പത്താം വയസിൽ താൻ മരണത്തെ മുഖാമുഖം കണ്ടെന്നു വെളിപ്പെടുത്തി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം...