വാഷിങ്ടണ്‍: യുഎസിലെ ജോര്‍ജിയയില്‍ കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ ഇന്ത്യക്കാരിയുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. ജോര്‍ജിയയിലെ ലോറന്‍സ്വില്‍ നഗരത്തില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ദാരുണ കൊലപാതകം നടന്നത്. മൂന്ന് ബന്ധുക്കളെയുള്‍പ്പെടെയാണ് കൊലപ്പെടുത്തിയത്.
വിജയ് കുമാറാണ് (51) ഭാര്യ മീനു ഡോഗ്രയെയും (43) മൂന്നു ബന്ധുക്കളെയും കൊലപ്പെടുത്തിയത്. ഗൗരവ് കുമാര്‍ (33), നിധി ചന്ദര്‍ (37), ഹരീഷ് ചന്ദര്‍ (38) എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. അറ്റ്‌ലാന്റ സ്വദേശിയായ വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അറ്റ്‌ലാന്റയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കി വരികയാണെന്ന് കോണ്‍സുലേറ്റ് സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.
മീനുവും വിജയയും തമ്മില്‍ വാഗ്വാദം ഉണ്ടായിരുന്നു. ഇവരുടെ 12 വയസുള്ള കുട്ടിക്കൊപ്പം ബന്ധുവീട്ടി്ല്‍ എത്തിയപ്പോഴാണ് സംഭവം. മറ്റ് രണ്ട് കുട്ടികള്‍ ഈ വീട്ടില്‍ താമസിക്കുന്നവരാണ്. 10നും 12നും ഇടയില്‍ പ്രായമുള്ളവരാണ്. കേസില്‍ അന്വേഷണം നടക്കുകയാണ്. കൊലപാതകം, കുട്ടികളോടുള്ള ക്രൂരത ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. വെടിവയ്പ് നടന്ന സമയത്ത് അലമാരയില്‍ ഒളിച്ചിരുന്നതുകൊണ്ടാണു കുട്ടികള്‍ രക്ഷപ്പെട്ടത്. ഇതിലൊരു കുട്ടി എമര്‍ജന്‍സി സര്‍വീസ് നമ്പറായ 911 ല്‍ വിളിച്ചു വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. കുട്ടികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇവരെ പിന്നീട് ബന്ധുക്കള്‍ക്കു കൈമാറി.
















