തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ ഉണ്ടായിരുന്നുവെങ്കില്‍ പത്മ പുരസ്‌കാരം നിരസിക്കുമായിരുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പുരസ്‌കാരം വാങ്ങണോ എന്ന് തീരുമാനിക്കേണ്ടത് കുടുംബമാണെന്നും എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ പാര്‍ട്ടി നേതൃത്വത്തില്‍ ഉണ്ടായിരുന്ന നാലുപേരും പുരസ്‌കാരം നിരസിച്ചതാണെന്നും ബേബി ഓര്‍മ്മിപ്പിച്ചു.
‘പാര്‍ട്ടിയെ സംബന്ധിച്ച് മുന്‍പ് ഇഎംഎസ്, ജ്യോതിബസു, ഹര്‍കിഷന്‍സിങ് സുര്‍ജിത്, ബുദ്ധദേവ് ഭട്ടാചാര്യ ഈ നാലുപേരും അവര്‍ക്ക് അവാര്‍ഡ് ഉണ്ടെന്ന് അറിയിച്ചപ്പോള്‍ അവാര്‍ഡ് നല്‍കാനുള്ള തീരുമാനത്തില്‍ ആദ്യം സന്തോഷമുണ്ടെന്ന് പറഞ്ഞു. പക്ഷേ പാര്‍ട്ടിയുടെ ഭാഗമായി പൊതുപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഞങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഒരു പുരസ്‌കാരം തരുമ്പോള്‍ അത് സ്വീകരിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനമല്ല ഞങ്ങള്‍ നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനം.അതുകൊണ്ട് വിനയപൂര്‍വ്വം ഈ അവാര്‍ഡ് സ്വീകരിക്കാന്‍ വിസമ്മതിക്കുകയാണ് എന്നാണ് ഇവര്‍ ഓരോരുത്തരും പറഞ്ഞത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നം, സഖാവ് വിഎസ് ജീവിച്ചിരിക്കുന്നില്ല. വിഎസ് ജീവിച്ചിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു. തന്നെ തെരഞ്ഞെടുത്തതിന് നന്ദി പറഞ്ഞിട്ട് ഞങ്ങള്‍ ഈ അവാര്‍ഡ് സ്വീകരിക്കുന്ന രീതി ഇല്ല എന്ന് വിഎസ് പറയുമായിരുന്നു. ഇപ്പോള്‍ കുടുംബമാണ് പ്രതികരിക്കേണ്ടത്. കുടുംബം സന്തോഷം പ്രകടിപ്പിച്ചു. എംവി ഗോവിന്ദനും വിഎസിനെ അംഗീകരിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചു. അത് വാങ്ങണോ വേണ്ടയോ എന്നത് രണ്ടാമത്തെ ഭാഗമാണ്. രണ്ടാമത്തെ ഭാഗം കുടുംബം ആലോചിച്ച് തീരുമാനിക്കട്ടെ.’- എം എ ബേബി പറഞ്ഞു.
















