30 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു, ഗുരുവായൂര്‍ – തിരുനാവായ റെയില്‍വേ പാതയിലെ ‘മരവിപ്പിക്കല്‍’ നീങ്ങി

Jan 28, 2026

തൃശൂർ: മൂന്ന് പതിറ്റാണ്ടായി ഫയലുകളിലും വാഗ്ദാനങ്ങളിലുമൊതുങ്ങിയിരുന്ന ഗുരുവായൂര്‍ – തിരുനാവായ റെയില്‍വേ പദ്ധതി വീണ്ടും ചര്‍ച്ചയിലേക്ക്. പദ്ധതി മരവിപ്പിച്ച റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം ഔദ്യോഗികമായി പിന്‍വലിച്ചതോടെ, മലബാറിനെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന ഈ സ്വപ്ന പദ്ധതിക്ക് പുതുജീവന്‍ ലഭിച്ചിരിക്കുകയാണ്. കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി കൈക്കൊണ്ട ഈ തീരുമാനം, പ്രദേശവാസികള്‍ക്കും വികസന പ്രവര്‍ത്തകര്‍ക്കും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

നിര്‍മാണ പുരോഗതിയില്ലായ്മയും ഭൂമിയേറ്റെടുപ്പിലെ അനിശ്ചിതത്വവും ചൂണ്ടിക്കാട്ടി 2019-ലാണ് പദ്ധതി റെയില്‍വേ ബോര്‍ഡ് മരവിപ്പിച്ചത്. എന്നാല്‍ പുതിയ തീരുമാനത്തോടെ, സാങ്കേതികമായി നിലനിന്നിരുന്ന പ്രധാന തടസ്സം നീങ്ങിയിരിക്കുകയാണ്.

റെയില്‍വേയുടെ പച്ചക്കൊടി; തടസ്സമായി ഭൂമിയേറ്റെടുപ്പ്

പദ്ധതി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ മന്ത്രാലയം പുനര്‍സര്‍വേ നടത്തി രണ്ട് വര്‍ഷം മുന്‍പേ തന്നെ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ വൈകുന്നതാണ് അനിശ്ചിതത്വത്തിന് കാരണം.

പ്രധാനമന്ത്രിയുടെ റെയില്‍വേ ഉപദേഷ്ടാവും മെട്രോമാനുമായ ഇ. ശ്രീധരനും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. പാത കടന്നുപോകുന്നതിനാവശ്യമായ ഭൂമി ഏറ്റെടുത്ത് റെയില്‍വേക്ക് കൈമാറേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്റേതാണ്. ഈ നടപടികള്‍ വൈകുന്നതാണ് നിലവില്‍ പദ്ധതിക്ക് മുന്നിലെ ഏക വലിയ തടസ്സമെന്ന വിമര്‍ശനമാണ് ഉയരുന്നത്.

വാഗ്ദാനങ്ങളുടെ മൂന്ന് പതിറ്റാണ്ട്

1982: ഗുരുവായൂരില്‍ നിന്ന് വടക്കോട്ടുള്ള റെയില്‍വേ ലൈന്‍ എന്ന ആശയം ആദ്യമായി ഉയര്‍ന്നു.

1995: അന്നത്തെ റെയില്‍വേ മന്ത്രി സുരേഷ് കല്‍മാഡി ശിലാസ്ഥാപനം നടത്തി.

അലൈന്‍മെന്റിലെ മാറ്റങ്ങള്‍: കുറ്റിപ്പുറം, തിരൂര്‍, താനൂര്‍ എന്നീ റൂട്ടുകള്‍ പരിഗണിച്ച ശേഷം, പദ്ധതി തിരുനാവായ പാതയില്‍ കേന്ദ്രീകരിച്ചു.

2019: ഭൂമിയേറ്റെടുപ്പിലെ അനിശ്ചിതത്വം മൂലം പദ്ധതി ഔദ്യോഗികമായി മരവിപ്പിച്ചു.

കഴിഞ്ഞ കേന്ദ്ര ബജറ്റുകളില്‍ ഈ പദ്ധതിക്കായി 45 കോടി രൂപ വരെ വകയിരുത്തിയിരുന്നുവെങ്കിലും, ‘മരവിപ്പിച്ച പദ്ധതി’ എന്ന നില കാരണം ഈ തുക വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴത്തെ തീരുമാനത്തോടെ ആ സാങ്കേതിക തടസ്സവും നീങ്ങിയിരിക്കുകയാണ്.

രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയില്‍ വികസനം

പദ്ധതി വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് കാരണമെന്ന് ബിജെപി ആരോപിക്കുമ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാരോപിച്ച് മറ്റ് മുന്നണികളും രംഗത്തുണ്ട്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് വാര്‍ത്തയെ തുടര്‍ന്ന് ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. സി. നിവേദിത സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്‍ മുഖാന്തിരം നടത്തിയ ഇടപെടലുകളും, ഗുരുവായൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നല്‍കിയ നിവേദനങ്ങളും പദ്ധതിക്ക് പുതുഗതി നല്‍കിയതായി വിലയിരുത്തപ്പെടുന്നു.

പദ്ധതി പുനരാരംഭിക്കാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനത്തെ ഗുരുവായൂര്‍ ക്ഷേത്ര രക്ഷാ സമിതി സെക്രട്ടറി എം.ബിജേഷും ഗുരുവായൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.വി. മുഹമ്മദ് യാസിന്‍, സെക്രട്ടറി അഡ്വ. രവി ചങ്കത്ത് എന്നിവര്‍ സ്വാഗതം ചെയ്തു.

ഇനി വേണ്ടത് വ്യക്തമായ ആക്ഷന്‍ പ്ലാന്‍

തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഇതേ കാലയളവില്‍ ആരംഭിച്ച റെയില്‍വേ പദ്ധതികള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പൂര്‍ത്തിയായപ്പോള്‍, ഗുരുവായൂരില്‍ സര്‍വേ കല്ലുകള്‍ ഇന്നും ചരിത്ര സ്മാരകങ്ങളായി തുടരുകയാണ്. കേന്ദ്ര സര്‍ക്കാര്‍, റെയില്‍വേ ബോര്‍ഡ് എന്നിവര്‍ അവരുടെ ഭാഗത്തെ തടസ്സങ്ങള്‍ നീക്കിയ സാഹചര്യത്തില്‍, രാഷ്ട്രീയ ഭേദമന്യേ സംസ്ഥാന സര്‍ക്കാര്‍ ഭൂമിയേറ്റെടുപ്പ് നടപടികള്‍ വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെയും വികസന സംഘടനകളുടെയും ശക്തമായ ആവശ്യം.

30 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ അന്ത്യമാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

LATEST NEWS
ടി. സരള (74) അന്തരിച്ചു

ടി. സരള (74) അന്തരിച്ചു

കിളിമാനൂർ: ചെങ്കിക്കുന്ന് വലിയവിള ജംഗ്ഷൻ ശോഭനവിലാസത്തിൽ പരേതനായ പി മണികണ്ഠന്റെ സഹധർമ്മിണി ടി. സരള...