തിരുവനന്തപുരം: കേരളത്തിലെ റോഡ് വികസനത്തിന് 988.75 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. സിഐആര്‍എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 39 റോഡുകളുടെ വികസനത്തിനാണ് കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയം ഫണ്ട് അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിരന്തരമായി ഉയര്‍ത്തിയ ആവശ്യം യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന് പ്രഖ്യാപനം പങ്കുവച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
ജനക്ഷേമ ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കിടയില്‍ മറ്റൊരു സന്തോഷവര്‍ത്തമാനം കൂടി എന്ന് പരാമര്‍ശത്തോടെയാണ് മന്ത്രി കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ പ്രഖ്യാപിച്ചത്. 486.33 കിലോമീറ്റര്‍ റോഡുകള്‍ സിഐആര്‍എഫില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. പദ്ധതി യാഥാര്‍ത്ഥ്യമാക്കുവാന്‍ സഹായിച്ച മുഖ്യമന്ത്രിക്കും, കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിക്കും നന്ദി അറിയിക്കുന്നു.
റോഡ് പ്രവൃത്തികള്‍ക്കുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 39 പ്രധാനപ്പെട്ട റോഡുകളില്‍ വരുന്ന മാറ്റം ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.


അതിനിടെ, സംസ്ഥാനത്തെ റോഡ് ഗതാഗതം സുഗമാക്കാന്‍ ഉതകുന്ന നിരവധി പ്രഖ്യാപനങ്ങളാണ് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചത്. തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള എംസി റോഡ് 24 മീറ്റര്‍ വീതിയില്‍ നാലുവരിയായി പുനര്‍നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചു. ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി കിഫ്ബി വഴി 5217 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
എംസി റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ എന്നീ ബൈപ്പാസുകളുടെ നിര്‍മാണവും വിവിധ ജങ്ഷനുകളുടെ വികസനവും ഈ ഘട്ടത്തില്‍ നടപ്പിലാക്കും. കൊട്ടാരക്കര ബൈപ്പാസ് നിര്‍മ്മാണത്തിനായി 110.36 കോടി രൂപയുടെ സാമ്പത്തിക അനുമതി ഇതിനോടകം നല്‍കിയിട്ടുണ്ടെന്നും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ കൊട്ടാരക്കര ബൈപ്പാസിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അറിയിച്ചു.
















