തിരുവനന്തപുരം: വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട് മുന്നോട്ടുവെച്ച് സംസ്ഥാന ബജറ്റ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുന്‍ഗണന ഈ നാട്ടിലെ സാധാരണ മനുഷ്യരാണ്. അവരുടെ ജീവിത സുരക്ഷയാണ്. അവരുടെ ദുരിതമകറ്റാനാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
‘ജാതിയുടെയും മതത്തിന്റെയും സങ്കുചിത ചിന്തകളുടെയും പക്ഷത്തല്ല, മനുഷ്യന്റെ പക്ഷത്താണ് ഞങ്ങള്‍. വര്‍ഗീയ ശക്തികള്‍ ഉയര്‍ത്തിയ ആക്രമണങ്ങളെയും പ്രചരിപ്പിച്ച അസത്യങ്ങളെയും നേരിട്ട് മുന്നേറി വന്നവരാണ് ഞങ്ങള്‍. മതമാണ് മതമാണ് മതമാണ് പ്രശ്‌നം എന്നതല്ല ഞങ്ങളെ നയിക്കുന്ന മുദ്രാവാക്യം. അത് മതമല്ല, മതമല്ല പ്രശ്‌നം- എരിയുന്ന വയറിലെ തീയാണ് പ്രശ്‌നം എന്നതാണ്.’- കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
‘ഒരു കോടി മനുഷ്യരിലേക്ക് എത്തുന്ന സാമൂഹ്യസുരക്ഷാ ധനസഹായങ്ങളും അഞ്ച് ലക്ഷം മനുഷ്യര്‍ക്ക് കിടപ്പാടവും ഒരു കോടിയലധികം പേര്‍ക്ക് സൗജന്യ ചികിത്സയും അതിദാരിദ്ര്യത്തില്‍ നിന്ന് മോചനവും കടക്കെണിയില്‍ വീണവര്‍ക്ക് കിടപ്പാടം സംരക്ഷിച്ച് കൊടുക്കലും സര്‍ക്കാര്‍ പള്ളിക്കൂടങ്ങളും സര്‍ക്കാര്‍ ആശുപത്രികളും മികച്ചതാക്കലുമാണ് ഞങ്ങള്‍ ഏറ്റെടുത്തത്. അത് ഞങ്ങളുടെ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയം ഓരോ നിശ്വാസത്തിലും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്’- ധനമന്ത്രി വ്യക്തമാക്കി.


















