ആറ്റിങ്ങൽ ഗവ. ടൗൺ യുപി സ്കൂളിൽ അത്യാധുനിക ശിശു കേന്ദ്രീകൃത രീതിയിൽ അണിയിച്ചൊരുക്കിയ വർണ്ണ കൂടാരത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എം .എൽ. എ. ഒ.എസ് അംബിക നിർവ്വഹിച്ചു.
കൗതുക കാഴ്ചയൊരുക്കി കളിയിടങ്ങളും ഹൈടെക് പഠനമുറികളും നീന്തൽ കുളവും റെയിൻ ഡാൻസും ലൈറ്റ് ഷോകളും കുട്ടിവീടും രാത്രിയിലെ ആകാശക്കാഴ്ചകളും ഗുണനിലവാരമേറിയ കളി ഉപകരണങ്ങളും നിറഞ്ഞ സ്വപ്നതുല്യമായ ഒരു പഠനാന്തരീക്ഷം ആണ് വർണ്ണക്കൂടാരത്തിൽ പ്രീ പ്രൈമറി കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്.
ഭാഷായിടം, വരയിടം, ഗണിതയിടം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടും, ഇ -ഇടം, ശാസ്ത്രയിടം അകം കളിയിടം പുറം കളിയിടം ഹരിതയിടം പഞ്ചേന്ദ്രിയ ഇടം, കരകൗശലയിടം, നിർമ്മാണയിടം തുടങ്ങി കുട്ടിയുടെ സമഗ്ര വികസനത്തിന് ഊന്നൽ നൽകി വിവിധ ഇടങ്ങൾ വർണ്ണാഭമാക്കിയിരിക്കുകയാണ് വർണ്ണ കൂടാരത്തിൽ. വ്യത്യസ്തമായ ഈ കാഴ്ചകളുടെ ഭാഗമാകാനും അഡ്മിഷൻ നേടുന്നതിനും രക്ഷകർത്താക്കളും കുട്ടികളും ഗവൺമെൻറ് ടൗൺ യുപി സ്കൂളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.


















