ദിസ്പുർ: മേഘാലയയെ തകർത്തെറിഞ്ഞ് കേരളം സന്തോഷ് ട്രോഫി പോരാട്ടത്തിന്റെ ക്വാർട്ടറിലേക്ക് മുന്നേറി. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരളം ജയിച്ചു കയറിയത്. നാല് കളിയിൽ നിന്നു 10 പോയിന്റുകളുമായാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്. കേരളത്തിനായി മുഹമ്മദ് സിനാൻ, മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്സൽ എന്നിവരാണ് വല ചലിപ്പിച്ചത്.
കളി തുടങ്ങി 37ാം മിനിറ്റിൽ കേരളം ലീഡെടുത്തു. മുഹമ്മദ് സിനാനാണ് ഗോൾ സമ്മാനിച്ചത്. ഫ്രീകിക്കിൽ നിന്നാണ് ഗോൾ വഴി തെളിഞ്ഞത്. കിക്കെടുത്ത വി അർജുൻ ബോക്സിനുള്ളിൽ കാത്തു നിന്ന സിനാനിലേക്ക് പന്തെത്തിച്ചു. താരം ഹെഡ്ഡറിലൂടെ പന്ത് വലയിലിട്ടു. പിന്നീട് രണ്ട് ഗോളുകളും വന്നത് രണ്ടാം പകുതിയിൽ. 79ാം മിനിറ്റിൽ ഇടതു വിങിൽ നിന്നു ജി സഞ്ജുവിന്റെ പാസ്. റിയാസ് അനായാസം പന്ത് വലയിലേക്ക് തട്ടിയിട്ടു. പിന്നീട് ആറ് മിനിറ്റിനുള്ളിൽ മൂന്നാം ഗോളും വന്നു. 85ാം മിനിറ്റിൽ ബോക്സിൽ വച്ച് ദിൽഷാദിന്റെ കാലിൽ തട്ടി പന്ത് നേരെ അജ്സലിലേക്ക്. താരത്തിന്റെ ഷോട്ട് കൃത്യം വലയിൽ.
മറുഭാഗത്ത് ഗോൾ മടക്കാനുള്ള ശ്രമം മേഘാലയ നടത്തുന്നുണ്ടായിരുന്നു. എന്നാൽ കേരളം പ്രതിരോധം കടുപ്പിച്ച് അതെല്ലാം വിഫലമാക്കി.


















