തിരുവനന്തപുരം: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്ഐആര്‍) ഭാഗമായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ (eci.gov.in) , മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയോ വെബ്സൈറ്റ് വഴിയോ (ceo.kerala.gov.in) , ബിഎല്‍ഒമാര്‍ക്ക് നേരിട്ടോ അപേക്ഷകള്‍ സമര്‍പ്പിക്കാം.
സാധാരണ വോട്ടര്‍മാരാകാന്‍ ഫോം 6, പ്രവാസി വോട്ടര്‍മാരാകാന്‍ ഫോം എ 6 എന്നിവയാണ് ഉപയോഗിക്കേണ്ടത്. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് ഫെബ്രുവരി 21 ന് പുറത്തിറങ്ങുന്ന എസ്‌ഐആര്‍ അന്തിമ പട്ടികയുടെ ഭാഗമാകാന്‍ അവസരമുണ്ട്. ഇതു കഴിഞ്ഞും പേരു ചേര്‍ക്കാന്‍ അവസരം ഉണ്ടെങ്കിലും സപ്ലിമെന്ററി വോട്ടര്‍ പട്ടികയിലാണ് ഉള്‍പ്പെടുത്തുക.
പേരു ചേര്‍ക്കാന്‍ ഇതുവരെ അപേക്ഷിച്ചത് 11 ലക്ഷത്തിലധികം പേരാണ്. ഹിയറിങ്ങും പരിശോധനയും ഫെബ്രുവരി 14 വരെ തുടരും. 37 ലക്ഷത്തോലം പേരാണ് രേഖകള്‍ ഹാജരാക്കേണ്ടത്. 2002 ലെ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവരാണ് രേഖ നല്‍കേണ്ടത്. കരട് പട്ടികയില്‍ ഉള്‍പ്പെട്ടെങ്കിലും വിദേശത്തുള്ളവരും മരിച്ചവരുമടക്കം 9868 പേരെ അന്തിമ പട്ടികയില്‍നിന്ന് ഒഴിവാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഇതില്‍ 1441 പേര്‍ എന്യൂമറേഷന്‍ കാലത്ത് മരിച്ചവരാണ്. 997 പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരും 7430 പേര്‍ മറ്റു സംസ്ഥാനങ്ങളിലേക്കോ മണ്ഡലങ്ങളിലേക്കോ താമസം മാറിയവരുമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. ബന്ധുക്കള്‍ എന്യൂമറേഷന്‍ ഫോം ഒപ്പിട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് മരിച്ചവര്‍ ഒഴികെയുള്ളവര്‍ കരട് പട്ടികയില്‍ ഉള്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.


















