സിറിയക്കിനെ കുടുക്കിയത് ഹോംസ്‌റ്റേ ഉടമയുടെ ജാഗ്രത

Mar 7, 2026

കൊച്ചി: അങ്കമാലി മോണിങ് സ്റ്റാര്‍ കോളജ് വിദ്യാര്‍ഥിനി ജാസ്ലിയയെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഡോ. സിറിയക് പി ജോര്‍ജിനെ പിടികൂടാന്‍ സഹായകമായത് ഹോംസ്‌റ്റേ ഉടമയുടെ ജാഗ്രത. വാഗമണ്ണിലെ കണ്ണംകുളം മാസ്‌കോ ഫാക്ടറിക്ക് സമീപത്തുള്ള ഹോംസ്‌റ്റേയില്‍ ഒളിച്ചു താമസിക്കുകയായിരുന്നു ഇയാള്‍. ബുധനാഴ്ച രാത്രി ഹോംസ്‌റ്റേയില്‍ എത്തിയിട്ടും ഇയാള്‍ പുറത്തേയ്ക്ക് അധികം ഇറങ്ങിയില്ല. വന്നപ്പോള്‍ മുതല്‍ മാസ്‌ക് ധരിച്ചിരുന്നു. രാത്രിയില്‍ മുറിയില്‍ ലൈറ്റും ഇട്ടില്ല. ഇതോടെ ഇയാള്‍ എന്തെങ്കിലും കുറ്റം ചെയ്തിട്ട് വന്നതാകാമെന്ന ഹോംസ്‌റ്റേ ഉടമയുടെ ഭയമാണ് സിറിയക്കിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

അതിനിടെ, സിറിയക്കിന്റെ ബന്ധുവിന് വാഗമണ്ണില്‍ റിസോര്‍ട്ട് ഉണ്ടെന്ന് അറിഞ്ഞു. ഈ റിസോര്‍ട്ടിന്റെ പേര് സാമൂഹിക മാധ്യമങ്ങളില്‍ തിരഞ്ഞപ്പോള്‍ സിറിയക്കിന്റെ ചിത്രം കണ്ടു. ആ ചിത്രത്തിന് ഹോംസ്‌റ്റേയില്‍ താമസിക്കുന്ന വ്യക്തിയുടെ രൂപവുമായി സാമ്യം തോന്നിയതോടെ ഹോംസ്‌റ്റേ ഉടമ വാഗമണ്‍ സിഐയെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് മഫ്തിയില്‍ ഹോംസ്‌റ്റേയില്‍ എത്തി. പൊലീസാണ് എത്തിയതെന്ന് മനസിലാക്കിയ പ്രതി ഇവരെ വെട്ടിച്ച് ഓടിപ്പോകാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.

കേസില്‍ ജാമ്യം കിട്ടുന്നതുവരെ ആരും കാണാതെയും പൊലീസിന് പിടികൊടുക്കാതെയും കഴിയാന്‍ ഒരിടം തേടിയാണ് സിറിയക് വാഗമണ്ണില്‍ എത്തിയത്. വാഗമണ്ണില്‍ റിസോര്‍ട്ടും ട്രാവല്‍ ഏജന്‍സിയുമുള്ള ഇയാളുടെ ബന്ധു മുഖാന്തരം ഇവിടെ തന്നെ കണ്ണംകുളം ഭാഗത്തുള്ള വിജനമായ സ്ഥലത്ത് സുരക്ഷിതമായ ഒളിത്താവളം ഒരുക്കുകയായിരുന്നു. എന്നാല്‍ വാഗമണ്ണിലേക്കുള്ള രാത്രിയാത്രയില്‍ പൊലീസിന്റെ ഹൈവേ പട്രോളിങ്ങും പരിശോധനയും ശക്തമാണെന്ന് ഇവര്‍ക്കറിയാമായിരുന്നു. കൂടാതെ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലടക്കം സിറിയക്കിന്റെ ചിത്രം സഹിതം പ്രചരിച്ചതോടെ രൂപമാറ്റം വരുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഒറ്റനോട്ടത്തില്‍ ആരും തിരിച്ചറിയാതിരിക്കാന്‍ താടിയും മീശയും വടിച്ചു. ബുധനാഴ്ച രാത്രി സുഹൃത്തിനൊപ്പമാണ് ഇയാള്‍ കാറില്‍ ഹോംസ്‌റ്റേയിലെത്തിയത്. കാറില്‍ നിന്ന് ഇറങ്ങിയപ്പോഴും കെയര്‍ടേക്കറോട് സംസാരിച്ചപ്പോഴും ഇയാള്‍ മാസ്‌ക് വച്ചിരുന്നു. ഇയാള്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കുമെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടാല്‍ മതിയെന്നും കെയര്‍ടേക്കറെ സുഹൃത്ത് അറിയിച്ചിരുന്നു. സിറിയക്കിന്റെ പെരുമാറ്റത്തിലെ ദുരൂഹതയാണ് കുരുക്കായത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സിറിയക് ഓടിച്ചിരുന്ന കാര്‍ ജാസ്ലിയയെ ഇടിച്ചുതെറിപ്പിച്ചത്. അപകടം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കാര്‍ ഓടിച്ചയാളെ പിടികൂടാത്തതിനാല്‍ പോലീസിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ജാസ്ലിയ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ജാസ്ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്തു. എടവനക്കാട് കളത്തിപ്പറമ്പില്‍ വീട്ടില്‍ ജോണ്‍സന്റെയും ലിമയുടെയും മകളാണ് ജാസ്ലിയ ജോണ്‍സണ്‍. അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ജാസ്ലിയ കോളജ് ഹോസ്റ്റലില്‍ താമസിച്ച് പാര്‍ട്ട് ടൈമായി ജോലിയും നോക്കിയിരുന്നു. ജോലി കഴിഞ്ഞ് കോളജ് ഹോസ്റ്റലിലേക്ക് വരുമ്പോഴാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്.

cake tower new
LATEST NEWS
പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിയില്ല, എഫ്ബി ലൈവ് നീക്കി ജി സുധാകരന്‍; കാണാതെ മുഖ്യമന്ത്രി മടങ്ങി

പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിയില്ല, എഫ്ബി ലൈവ് നീക്കി ജി സുധാകരന്‍; കാണാതെ മുഖ്യമന്ത്രി മടങ്ങി

ആലപ്പുഴ: കുട്ടനാടിന്റെ സ്വപ്നപദ്ധതിയായ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന്...

കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ഥി; ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്

കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ഥി; ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്

ആലപ്പുഴ: എംപിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍ നിയമസഭാ...