കൊച്ചി: നെടുമ്പാശേരിയ്ക്ക് സമീപം വന്ദേഭാരത് എക്സിപ്രസ് ട്രെയിനിന് നേരെ ഉണ്ടായ കല്ലേറിൽ 18 കാരൻ അറസ്റ്റിൽ. പ്രണയബന്ധം തകർന്നതിൻ്റെ നിരാശയിലാണ് ട്രെയിനിന് കല്ലെറിഞ്ഞതെന്നാണ് പ്രതിയുടെ മൊഴി. രണ്ടാഴ്ച നീണ്ട തെരച്ചിലിനൊടുവിലാണ് ആലുവ അകപ്പറമ്പ് ഭാഗത്ത് നിന്ന് പ്രതിയെ ആർപിഎഫ് കസ്റ്റഡിയിൽ എടുക്കുന്നത്.
മാർച്ച് ഏഴിന് രാത്രി 7.10 ഓടെയാണ് ആലുവയ്ക്കും അങ്കമാലിക്കുമിടെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് കടന്നു പോകുമ്പോൾ കല്ലേറുണ്ടായത്. സി 9 കോച്ചിന്റെ ജനാലയുടെ ലാമിനേറ്റഡ് ചില്ലിന് നേരിയ പോറലുണ്ടായിട്ടുണ്ട്. കാമുകിയുമായി വേർപിരിഞ്ഞ ദുഖത്തിൽ ട്രാക്കിന് സമീപം ഇരിക്കുമ്പോഴാണ് ട്രെയിൻ വരുന്നത് കണ്ടത്. മൂന്ന് തവണ കല്ലേറ് നടത്തി. ഒരെണ്ണമാണ് കൊണ്ടത്. സിസിടിവി ദൃശ്യങ്ങൾ വന്ദേഭാരതിന്റെ കോച്ചിന് പുറത്തുള്ള കാമറയിൽ നിന്ന് കിട്ടിയെങ്കിലും കല്ലെറിയുന്ന ആളെ വ്യക്തമായിരുന്നില്ല.
ദിവസങ്ങളോളം നീണ്ട അന്വേഷണത്തിൽ സ്ഥിരമായി ട്രാക്കിന് സമീപം വരാറുള്ളവരുടെ പട്ടിക തയ്യാറാക്കി നടത്തിയ അന്വേഷണത്തിലാണ് 18കാരൻ കുടുങ്ങിയത്.



















