‘ഇന്ത്യയുള്‍പ്പെടെ സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മൂസ് തുറന്നിട്ടിരിക്കുന്നു’; പ്രഖ്യാപനവുമായി ഇറാന്‍

Mar 26, 2026

ടെഹ്‌റാന്‍: ഇന്ത്യ ഉള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി ചരക്ക് കപ്പലുകള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കി ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാകിസ്ഥാന്‍ എന്നിവയുള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി ചരക്കു നീക്കത്തിന് അനുമതി നല്‍കിയെന്നാണ് അറിയിപ്പ്. മുംബൈയിലെ ഇറാന്‍ കോണ്‍സുലേറ്റ് ജനറല്‍ ആണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം സംബന്ധിച്ച് എക്‌സില്‍ പങ്കുവച്ചത്.

ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം പുറത്തുവരുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസിനോടും ഇസ്രയേലിനോടും ഗുട്ടറസ് അഭ്യര്‍ത്ഥിച്ചു. എക്സ് പോസ്റ്റില്‍ ആയിരുന്നു പ്രതകരണം. ഹോര്‍മുസ് കടലിടുക്കിന്റെ ദീര്‍ഘകാല അടച്ചിടല്‍ എണ്ണ, വാതകം, വളം എന്നിവയുടെ നീക്കത്തെ സ്തംഭിപ്പിക്കുന്നു. മേഖലയിലും അതിനപ്പുറത്തും, സാധാരണക്കാര്‍ ഗുരുതരമായ നാശനഷ്ടങ്ങള്‍ സഹിക്കുകയും അഗാധമായ അരക്ഷിതാവസ്ഥയില്‍ ജീവിക്കുകയാണെന്നുമായിരുന്നു ഗുട്ടറസ് ചൂണ്ടിക്കാട്ടിയത്. യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം സംഘര്‍ഷം അവസാനിപ്പിക്കുക എന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിരുന്നു.

സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ത്യ ഇറാനില്‍ നിന്നും എല്‍പിജി വാങ്ങാന്‍ തയ്യാറായതും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിട്ടുണ്ട്. 2019ന് ശേഷം ആദ്യമായി ഇറാനില്‍ നിന്നും ഇന്ത്യ എല്‍പിജി വാങ്ങുന്നത്. ഇറാനില്‍നിന്നുള്ള എല്‍പിജി വഹിച്ചുകൊണ്ടുള്ള ‘അറോറ’ എന്ന കപ്പല്‍ മംഗളൂരു തുറമുഖത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക ഉപരോധങ്ങളില്‍ താല്‍ക്കാലികമായി ഇളവ് നല്‍കിയതിനെത്തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാനില്‍ നിന്ന് ഇന്ത്യ എല്‍പിജി വാങ്ങുന്നത്. 2019-ല്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഇറാനില്‍ നിന്നുള്ള ഊര്‍ജ്ജ ഇറക്കുമതി ഇന്ത്യ അവസാനിപ്പിച്ചത്.

cake tower new
LATEST NEWS