‘മികച്ച പടം, സിനിമ ആണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ’; ‘പ്രതിഛായ’ കണ്ട് ചാണ്ടി ഉമ്മൻ

Mar 28, 2026

‘പ്രതിഛായ’ മികച്ച സിനിമയാണെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. നല്ലൊരു ഒറിജിനലാറ്റി ഈ സിനിമയ്ക്ക് ഉണ്ടെന്നും സിനിമയാണെങ്കിലും അല്ലെങ്കിലും അപ്പയാണ് തന്റെ ഹീറോയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പ്രതിഛായ സിനിമ കണ്ടിറങ്ങിയ ശേഷം ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “മികച്ച ഒരു പടം തന്നെയാണ്.

പൊളിറ്റിക്കൽ സംഭവങ്ങൾ പരാമർശിക്കുന്നുണ്ടെങ്കിലും, അതായത് നമ്മുടെ നാട്ടിൽ നടന്ന ചില സംഭവങ്ങളുടെ ഫിൽമി ക്രിയേഷൻ. ഇതൊരു ഫിക്ഷനും കൂടിയാണ്. അതിനെ അങ്ങനെ തന്നെ കാണാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. ഫിക്ഷനായിട്ട് തന്നെയാണ് കഥ. പക്ഷേ ഒരു കാര്യം എനിക്ക് ഇഷ്ടപ്പെട്ടു. നല്ലൊരു ഒറിജിനാലിറ്റി ഈ സിനിമയ്ക്കുണ്ട്.

നല്ലൊരു എഫേർട്ട് ഈ സിനിമയ്ക്ക് വേണ്ടി എടുത്തിട്ടുണ്ട്. സംവിധായകനും ടീമിനും അഭിനന്ദനങ്ങൾ. സിനിമയാണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ. നിവിനൊക്കെ വളരെ റിയൽ ആക്ടിങ് ആയിരുന്നു”. – ചാണ്ടി ഉമ്മൻ പറഞ്ഞു.

നിവിൻ പോളി, ഷറഫുദ്ദീൻ, ബാലചന്ദ്ര മേനോൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘പ്രതിഛായ’. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പല സംഭവവികാസങ്ങളും സിനിമയിലുണ്ടെന്നാണ് സിനിമ കണ്ടിറങ്ങിയവർ പറയുന്നത്.

കേവലം രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ കേരളം ഭരിക്കുന്ന പാർട്ടിയുടെ മുഖ്യമന്ത്രി കെ എൻ വർഗീസിന്റെ ജീവിതമാണ് പ്രതിഛായ പറയുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ ഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമിക്കുന്നത്. വൻ താരനിരയാണ് ചിത്രത്തിൽ ഉള്ളത്. ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഘ തോമസ്, ചിരാഗ് ജാനി അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

cake tower new
LATEST NEWS