ജയ്പുര്‍: ഫോട്ടോഷൂട്ടിനായി ഉപയോഗിച്ച പിങ്ക് ചായമടിച്ച ആന ചരിഞ്ഞ സംഭവത്തില്‍ വിവാദം. റഷ്യന്‍ ഫോട്ടാഗ്രാഫറായ ജൂലിയ ബുറുലേവ കഴിഞ്ഞ ഡിസംബറിലാണ് പിങ്ക് നിറം പെയിന്റുചെയ്ത ആനയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. നവംബറില്‍ രാജസ്ഥാനിലെ ജയ്പുരില്‍ നടത്തിയ ഷൂട്ടില്‍ ചഞ്ചല്‍ എന്ന പിടിയാനയും യശസ്വി എന്ന മോഡലുമാണ് പങ്കെടുത്തത്.
ഫോട്ടോഷൂട്ടിനായി ആനയുടെ ദേഹത്ത് പിങ്ക് ചായമടിച്ചിരുന്നു. ഇതോടെ, ചായംപൂശിയതാണ് ചരിയാന്‍ കാരണമെന്ന വാദവുമായി മൃഗസ്‌നേഹികള്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ പ്രായാധിക്യത്തെത്തുടര്‍ന്നാണ് ആന ചരിഞ്ഞതെന്ന് ഉടമ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞെങ്കിലും ആനയോടു ചെയ്ത ക്രൂരതയാണിതെന്ന വാദവുമായാണ് മൃഗസ്‌നേഹികള്‍ രംഗത്തുവന്നത്.
ഫെബ്രുവരിയിലാണ് ആന ചരിഞ്ഞത്. ഹോളി ആഘോഷത്തിലും മറ്റും ഇങ്ങനെ ആനകളുടെ പുറത്ത് ചായംപൂശാറുണ്ടെന്നും അത് അപകടത്തിന് കാരണമാകില്ലെന്നും ആനകളെ പരിപാലിക്കുന്നവര്‍ പറയുന്നു.
ഒരുഭാഗം മാത്രമേ ചായമടിച്ചുള്ളൂയെന്നും ഫോട്ടോയെടുത്ത് പത്തുമിനിറ്റിനകം നിറം കഴുകിക്കളഞ്ഞെന്നും അനയുടെ ഉടമ സാദിഖ് ഖാന്‍ പറഞ്ഞു. എന്നാല്‍ മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാന്‍ നിയമനിര്‍മാണം വേണമെന്നാണ് മൃഗസംരക്ഷണസംഘടനയുടെ ആവശ്യം.



















