2023 ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്, 2020 ലെ ദേശീയ വിദ്യാഭ്യാസ നയം എന്നിവയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (CBSE) സെക്കന്‍ഡറി സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പ്രധാന മാറ്റങ്ങള്‍ അവതരിപ്പിച്ചിരുന്നു. ബഹുഭാഷാ നയത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള ത്രിഭാഷാ നയം ആര്‍ 1, ആര്‍ 2, ആര്‍ 3 എന്നിങ്ങനെ മൂന്നു തലത്തിലായാണ് സിബിഎസ്ഇ അവതരിപ്പിക്കുന്നത്. 2026-27 അദ്ധ്യയനവര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരുന്ന നയപ്രകാരം ആര്‍ 3 അഥവാ മൂന്നാം ഭാഷ ക്ലാസ് 6 മുതല്‍ നിര്‍ബന്ധമാക്കും. കുറഞ്ഞത് രണ്ട് ഇന്ത്യന്‍ ഭാഷകളെങ്കിലും പഠിക്കേണ്ടത് നിര്‍ബന്ധമാക്കുകയാണ് ഇതിലൂടെ.
ഭാഷാ തലങ്ങള്‍:
ആര്‍ 1 (ഒന്നാം ഭാഷ): സിബിഎസ്ഇ അനുവദിക്കുന്ന ഏതെങ്കിലും ഒരു ഭാഷ
ആര്‍ 2 (രണ്ടാം ഭാഷ): ആര്‍ 1ല്‍ നിന്നും വ്യത്യസ്തമായ ഒരു ഭാഷ
ആര്‍ 3 (മൂന്നാം ഭാഷ): ആര്‍ 1, 2 തലങ്ങളില്‍ ഉള്‍പ്പെടാത്ത മറ്റൊരു ഭാഷ.
തെരഞ്ഞെടുക്കുന്ന ഭാഷകളില്‍ മൂന്നില്‍ രണ്ടു ഭാഷകളെങ്കിലും ഇന്ത്യന്‍ ഭാഷകളായിരിക്കണമെന്ന നിര്‍ബന്ധമുണ്ട്. ഒരേ ഭാഷതന്നെ ഒന്നിലധികം തവണ തെരഞ്ഞെടുക്കാനാവില്ല. ഇതില്‍ ആദ്യ രണ്ടു ഭാഷകളുടെയും പാഠപുസ്തകം നിലവിലുള്ളതുതന്നെ തുടരുമെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്.
2026 – 2027 അധ്യയനവര്‍ഷം ആറാം ക്ലാസ്സില്‍ പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികളായിരിക്കും മൂന്നാം ഭാഷ പഠിക്കേണ്ടി വരുന്നത്. അടുത്ത അധ്യയനവര്‍ഷം 6, 7 ക്ലാസ്സുകളിലേക്കും അതിനടുത്ത വര്‍ഷം 6,7,8 ക്ലാസ്സുകളിലേക്കും മൂന്നാം ഭാഷ കടന്നുവരും. 2030 – 2031 അധ്യയനവര്‍ഷമാകും പത്താം ക്ലാസ് പരീക്ഷയില്‍ മൂന്നാം ഭാഷ ഉള്‍പ്പെടുക.
ബഹുഭാഷാ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2023ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിലും, 2020 ലെ ദേശീയ വിദ്യാഭ്യാസനയത്തിലും ത്രിഭാഷാ നയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞത് രണ്ട് ഇന്ത്യന്‍ ഭാഷകളെങ്കിലും നിര്‍ബന്ധമാക്കുന്നതിലൂടെ, വൈജ്ഞാനിക, ആശയവിനിമയ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുകയും സാംസ്‌കാരിക ധാരണ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് സിബിഎസ്ഇ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ 1964 ല്‍ ആരംഭിച്ച ത്രിഭാഷാ നയത്തെ ചൊല്ലിയുള്ള സംവാദങ്ങള്‍ക്ക് ഇതോടെ ചൂടേറുകയാണ്.
ത്രിഭാഷാ നയം :
കോതാരി കമ്മീഷന്‍ എന്നറിയപ്പെടുന്ന വിദ്യാഭ്യാസ കമ്മീഷന്‍ ആണ് 1964-1966 കാലഘട്ടത്തില്‍ ത്രിഭാഷാ ഫോര്‍മുല ആദ്യമായി നിര്‍ദ്ദേശിച്ചത്. 1968-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കീഴില്‍ ദേശീയ വിദ്യാഭ്യാസ നയമായി ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. 1986-ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കീഴില്‍ വന്ന അടുത്ത ദേശീയ വിദ്യാഭ്യാസ നയത്തില്‍ ത്രിഭാഷാ ഫോര്‍മുല വീണ്ടും സ്ഥിരീകരിക്കുകയും ഭാഷാ വൈവിധ്യവും ദേശീയ ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനായി 1992-ല്‍ നരസിംഹറാവുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് പരിഷ്‌കരിക്കുകയും ചെയ്തു.
കോതാരി കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പഠിക്കേണ്ട 3 ഭാഷകള്‍ :
1 മാതൃഭാഷയോ ഏതെങ്കിലുമൊരു പ്രാദേശിക ഭാഷയോ
2 രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ
3 മേല്‍പ്പറഞ്ഞ രണ്ടിലും ഉള്‍പ്പെടാത്ത മറ്റൊരു ആധുനിക ഇന്ത്യന്‍ ഭാഷയോ യൂറോപ്യന്‍ ഭാഷയോ
1968-ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരം, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ ഒരു ആധുനിക ഇന്ത്യന്‍ ഭാഷ പഠിപ്പിക്കണം. പ്രത്യേകിച്ചും ഒരു ദക്ഷിണേന്ത്യന്‍ ഭാഷ. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങള്‍ ഹിന്ദി, അവരുടെ പ്രാദേശിക ഭാഷ, ഇംഗ്ലീഷ് എന്നിവ ഉള്‍പ്പെടുത്തണം. എന്നാല്‍ ഹിന്ദി സംസാരിക്കുന്ന ഭാഷകളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും അധ്യാപകരെ എത്തിക്കുന്നതടക്കം റിസോഴ്‌സുകള്‍ എത്തിക്കുന്നത് പ്രാവര്‍ത്തികമല്ലെന്ന് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയിരുന്നു.
തമിഴ്‌നാട്ടിലെ എതിര്‍പ്പ് :
സിബിഎസ്ഇയുടെ പുതിയ നയത്തെ ശക്തമായി എതിര്‍ത്ത സംസ്ഥാനം തമിഴ്‌നാടാണ്. ത്രിഭാഷാ നയമെന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയെ നിഷ്‌ക്കളങ്കമായി കാണാനാവില്ലെന്നും ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങള്‍ക്കുമേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നയമെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം കെ സ്റ്റാലിന്‍ പ്രതികരിച്ചിരുന്നു. ‘നമ്മുടെ ദീര്‍ഘകാലമായുള്ള ആശങ്കകളെ ശരിവയ്ക്കുന്ന, ഭാഷാപരമായ അടിച്ചേല്‍പ്പിക്കലിനുള്ള ആസൂത്രിത ശ്രമമാണിത്’ എന്നാണ് സ്റ്റാലിന്‍ എക്‌സിലൂടെ പ്രതികരിച്ചത്.
ഏപ്രില്‍ 23 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന തമിഴ്‌നാട്ടില്‍ പുതിയ പദ്ധതി പ്രധാനതെരഞ്ഞെടുപ്പു വിഷയം കൂടെയാണ്. ത്രിഭാഷാ നയത്തെ ദ്രവിഡ ഐഡന്റിറ്റിക്കുള്ള ഭീഷണിയായാണ് എക്കാലത്തും ഡിഎംകെ അടക്കമുള്ള തമിഴ് വിമോചനപ്രസ്ഥാനങ്ങള്‍ കണക്കാക്കിയിട്ടുള്ളത്. ബിജെപിയുമായി സഖ്യം നിലനിന്ന കാലത്തും എഐഡിഎംകെ ഹിന്ദി ഭാഷാനയത്തെ തിര്‍ത്തിട്ടുണ്ട്.
എന്നാല്‍ സ്റ്റാലിന്‍ തന്റെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശങ്ങളെ തെറ്റായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് അണ്ണാമലൈ വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങളില്‍ സ്റ്റാലിന്‍ നിരന്തരമായി കേന്ദ്രത്തെ വിമര്‍ശിക്കുകയാണെന്നും അണ്ണാമലൈ സ്റ്റാലിന് മറുപടിയായി എക്‌സില്‍ കുറിച്ചു. ആറാം ക്ലാസ് മുതല്‍ വിദ്യാര്‍ത്ഥികള്‍ മൂന്ന് ഭാഷകള്‍ പഠിക്കണമെന്നും കുറഞ്ഞത് രണ്ട് ഇന്ത്യന്‍ ഭാഷകളെങ്കിലും പഠിക്കണമെന്നുമാണ് പുതിയ നയത്തില്‍ പറയുന്നത്. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ ഭാഷകളും അതില്‍ ഉള്‍പ്പെടുമെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി. അതെങ്ങനെയാണ് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാകുന്നതെന്നും അദ്ദേഹം ചോദിച്ചു.
എന്നാല്‍ ഇന്ത്യന്‍ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ മറവുപറ്റി കേന്ദ്രസര്‍ക്കാര്‍ ഹിന്ദിക്ക് പ്രത്യേകാവകാശം കല്‍പ്പിച്ച് നല്‍കുന്ന ഒരു കേന്ദ്രീകൃത അജണ്ടയാണ് മുന്നോട്ടുവെക്കുന്നത് എന്നാണ് സ്റ്റാലിന്റെ പ്രതികണം. ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ ഭാഷാ പൈതൃകത്തെ വ്യവസ്ഥാപിതമായി അരികുവല്‍കരിക്കുകയാണെന്നും ഇത് ഹിന്ദി സംസാരിക്കാത്ത ദേശങ്ങളിലേക്ക് ഭാഷയെ വ്യാപിപ്പിക്കാനുള്ള രഹസ്യമാര്‍ഗമാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. ‘ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവഴി ഹിന്ദി പഠനം നിര്‍ബന്ധിതമാകും. എന്നാല്‍ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, മറാത്തി പോലുള്ള ഭാഷകള്‍ പഠിക്കാന്‍ മുതിരുമോ? അത്തരം അവ്യക്തതകള്‍ പുതിയ നയത്തില്‍ ഉണ്ടെന്നതുതന്നെ അതിന്റെ ഏകപക്ഷീയതയും വിവേചനവും തുറന്നുകാട്ടുന്നു’: എം കെ സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.
തെരഞ്ഞെടുപ്പടുക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഏറെ സുപ്രധാനമാണ് ത്രിഭാഷാനയവും അതിനോട് രാഷ്ട്രീയകക്ഷികള്‍ സ്വീകരിക്കുന്ന നിലപാടുകളും. എക്കാലത്തും ഭാഷയോടും ദ്രാവിഡ വ്യക്തിത്വത്തോടും ചേര്‍ന്നുനില്‍ക്കുന്ന രാഷ്ട്രീയ നയങ്ങള്‍ക്കൊപ്പം മാത്രമേ തെരഞ്ഞെടുപ്പിലടക്കം തമിഴ് ജനത ചേര്‍ന്നുനിന്നിട്ടുള്ളൂ. തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന് നൂറ്റാണ്ടോളം കാലപ്പഴക്കമുണ്ട്. 1930കളിലാണ് ആദ്യമായി ഹിന്ദി വിരുദ്ധ പ്രക്ഷോഭം തമിഴ്‌നാട്ടില്‍ പൊട്ടിപ്പുറപ്പെടുന്നത്. അറുപതുകളില്‍ അതു വീണ്ടും തീവ്രമായി.
ത്രിഭാഷാ നയത്തോടുള്ള തമിഴ്‌നാടിന്റെ ചെറുത്തുനില്‍പ്പ്
സ്വതന്ത്ര ഇന്ത്യ രൂപംകൊള്ളുന്നതിനും കാലങ്ങള്‍ മുന്നെയാണ് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളോട് തമിഴ്‌നാട് പ്രതികരിച്ചുതുടങ്ങുന്നത്. മദ്രാസ് പ്രസിഡന്‍സിയില്‍ സി രാജഗോപാലാചാരിയുടെ നേത്രത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ കാലത്താണ് അതിനു തുടക്കം. വിദ്യാഭ്യാസത്തില്‍ ഹിന്ദി നിര്‍ബന്ധിതഭാഷയാക്കി പ്രഖ്യാപിച്ചു. പെരിയാര്‍ ഇ വി രാമസ്വാമിയുടെ സ്വാഭിമാന പ്രസ്ഥാനം ശക്തിപ്പെട്ട കാലത്താണ് ഇതിനെതിരായ പ്രക്ഷോഭത്തിനു തുടക്കമാകുന്നത്. സി എന്‍ അണ്ണാദുരയും പെരിയാറുമടക്കം 11000 സമരക്കാര്‍ അന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. തലമുത്തു, നടരാജന്‍ എന്നീ നേതാക്കള്‍ തടവിലിരിക്കെ മരണമടഞ്ഞു. തുടര്‍ച്ചയായ സമരങ്ങള്‍ക്കൊടുവില്‍ 1940 ഫെബ്രുവരിയില്‍ നിയമം പിന്‍വലിച്ചു.
ഹിന്ദി ഭാഷാ പഠനം അല്ലെങ്കില്‍ ഹിന്ദി രാഷ്ട്രഭാഷയായി പ്രഖ്യാപിക്കാനുള്ള ചര്‍ച്ചകളിലെല്ലാം തന്നെ തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതിനിധികള്‍ ശക്തമായി എതിര്‍ത്ത് രംഗത്തുവന്നിട്ടുണ്ട്. എന്റെ ഭാഷക്ക് ഏകദേശം അയ്യായിരം വര്‍ഷത്തോളം പഴക്കമുണ്ട്, ഒരിക്കലെങ്കിലും അതിന്റെ സത്ത രുചിച്ചാല്‍ നിങ്ങള്‍ തമിഴ് രാഷ്ട്രഭാഷയാക്കണമെന്നു പറഞ്ഞേക്കും എന്നാണു അണ്ണാദുരൈ പാര്‍ലിമെന്റില്‍ പ്രസംഗിച്ചത്.
1945 ല്‍ പ്രെസിഡെന്‍സിക്ക് കീഴിലുള്ള സ്‌കൂളുകളില്‍ ഹിന്ദി ഭാഷ പഠനം നിര്‍ബന്ധമാക്കാനുള്ള പദ്ധതി അവതരിപ്പിച്ചു. അണ്ണാദുരൈ ആണ് പ്രതിപക്ഷത്തുനിന്ന് സമരം നയിച്ചത്. ശക്തമായ സമരത്തെ തുടര്‍ന്ന് ത്രിഭാഷാ ഫോര്‍മുലക്കു പകരം മുന്‍ഷി – അയ്യങ്കാര്‍ ഫോര്‍മുല നിലവില്‍ വന്നു. കെ എം മുന്‍ഷിയുടെയും എന്‍ ഗോപാലസ്വാമി അയ്യങ്കാറിന്റെയും പേരില്‍ നാമകരണം ചെയ്യപ്പെട്ട ഒത്തുതീര്‍പ്പായിരുന്നു മുന്‍ഷി-അയ്യങ്കാര്‍ ഫോര്‍മുല. ദേവനാഗരി ലിപിയിലുള്ള ഹിന്ദി ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കുകയും 15 വര്‍ഷത്തേക്ക് ഇംഗ്ലീഷ് ഒപ്പം നിലനിര്‍ത്തുകയും ചെയ്തു.
1953-ലാണ് ഹിന്ദി ഭാഷാ പരിഷ്‌കരണത്തില്‍ മറ്റൊരു മുഖ്യസംഭവം തമിഴ്‌നാട്ടില്‍ സംഭവിക്കുന്നത്. 1953-ല്‍ കാലക്കുടി എന്ന സ്ഥലപ്പേര് രാജസ്ഥാനില്‍ നിന്നുള്ള വ്യാപാരി രാമകൃഷ്ണ ഡാല്‍മിയയുടെ പേരിനോട് സാമ്യമുള്ള ഡാല്‍മിയപുരം എന്ന് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. അതിനെതിരെ അന്നത്തെ യുവ നേതാവായിരുന്ന കരുണാനിധി രംഗത്തുവന്നു. റെയില്‍വേ സ്‌റ്റേഷനില്‍ സ്ഥാപിച്ച പുതിയ സ്ഥലപ്പേര് വലിച്ചുകീറുകയും കാലക്കുടി എന്ന പഴയ പേര് പുനസ്ഥാപിക്കുകയും ചെയ്തു. അന്നുണ്ടായ പ്രക്ഷോഭത്തെ പ്രതിരോധിക്കാന്‍ പൊലീസ് വെടിയുതിര്‍ത്തു. അതില്‍ പൊലിഞ്ഞത് രണ്ടു ജീവനുകളും പരിക്കേറ്റത് 10 പേര്‍ക്കുമാണ്. ആ പ്രതിഷേധത്തോടെയാണ് തമിഴ് രാഷ്ട്രീയത്തില്‍ കരുണാനിധിയുടെ പേര് കൂടുതല്‍ ജനകീയമാകുന്നതും.
1963-ലാണ് ഔദ്യോഗിക ഭാഷാ നിയമം അവതരിപ്പിക്കപ്പെടുന്നത്. ഹിന്ദി രാഷ്ട്രഭാഷയായി അംഗീകരിക്കുന്ന പുതിയ നിയമം. അതിനെതിരെയും തമിഴ്നാട്ടില്‍ ശക്തമായ പ്രതിഷേധമുണ്ടായി. ഡയറക്ട് ആക്ഷന്‍ പ്രൊട്ടസ്റ്റ് എന്ന പേരില്‍ നടന്ന സമരത്തിനൊടുക്കം അണ്ണാദുരൈ അറസ്റ്റിലായി. ഒരു ചെറുപ്പക്കാരന്‍ കൊല്ലപ്പെടുകയും ചെയ്തു. ഒടുവില്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി തുടരുമെന്നു പ്രഖ്യാപിച്ചു.
ഇന്ത്യയിലെ ഭൂരിപക്ഷ ഭാഷയാണോ ഹിന്ദി?
ത്രിഭാഷാ ഫോര്‍മുലകൊണ്ട് പ്രധാനമായും രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും ഒരേഭാഷ അറിഞ്ഞിരിക്കാനുള്ള അവസരമൊരുക്കുകകൂടെയാണ് ചെയ്യുന്നത്. ഇതില്‍ ഹിന്ദി നിര്‍ബന്ധിത ഭാഷയാകുന്നതിനെ അനുകൂലിച്ചുകൊണ്ട് ഉയരുന്ന പ്രധാന വാദം ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ഭാഷയാണ് എന്നതാണ്. 2011 ലെ കണക്കെടുപ്പ് പ്രകാരം 46 ശതമാനം ഇന്ത്യക്കാരും ഹിന്ദി സംസാരിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ രേഖകള്‍ തെളിയിക്കുന്നത്. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പാടുചെയ്ത ജസ്റ്റിസ് കുര്യന്‍ കമ്മീഷന്റെ പഠനപ്രകാരം ഈ കണക്ക് മനപ്പൂര്‍വ്വം ഊതിപ്പെരുപ്പിച്ചതാണ്. ഭാഷാശാസ്ത്രജ്ഞന്‍ ജി എന്‍ ദേവിയുടെ കണ്ടെത്തലില്‍ കഴിഞ്ഞ കണക്കെടുപ്പില്‍, ഭോജ്പുരി, രാജസ്ഥാനി, അവാദി, മഗാദി, ഛത്തീസ്ഗരി എന്നീ അഞ്ച് വ്യത്യസ്ത ഭാഷകളെ ഹിന്ദി എന്ന പേരിലാണ് ഗ്രൂപ്പ് ചെയ്തിരിക്കുന്നത്. സമാനതകളുള്ള ഡയലക്ടുകള്‍ ഉള്‍പ്പെട്ട ഭാഷകളെ ഒന്നിച്ച് ചേര്‍ത്താണ് ഹിന്ദി സംസാരിക്കുന്നവരുടെ കണക്ക് 46 ശതമാനമായി കണക്കാക്കിയെതെന്നാണ് ജി എന്‍ ദേവി പറയുന്നത്. ഇതില്‍ നിന്നും ഹിന്ദി മാത്രം സംസാരിക്കുന്നവരുടെ കണക്കെടുത്താല്‍ അത് 25 ശതമാനം മാത്രമേ വരൂ എന്നും കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

















