തിരുവനന്തപുരം: ലോണ്‍ ആപ്പിന്റെ ഭീഷണിയിലല്ല നിതിന്‍ മരിച്ചതെന്ന് സഹോദരി. ലോണ്‍ ആപ്പിന്റെ കാര്യം വീട്ടില്‍ അറിയാവുന്നതാണ്. പെയ്‌മെന്റ് അടച്ചതാണ്. റഫറന്‍സായി വെച്ചിരിക്കുന്ന നമ്പറുകള്‍ ചേച്ചിയുടേയും തന്റെയും അച്ഛന്റെയും അമ്മയുടേതുമാണ്. അല്ലാതെ ടീച്ചറിന്റെ നമ്പര്‍ വെച്ചിട്ടില്ല. കോളജില്‍ വെച്ച് എന്തോ നടന്നിട്ടുണ്ട്. അവരെല്ലാം ചേര്‍ന്ന് അവനെ കൊന്നതാണെന്നും സഹോദരി നിഖിത പറയുന്നു.
നിതിന്‍ വളരെ ദേഷ്യത്തില്‍ ഓഫീസിലേക്ക് കയറിപ്പോകുന്നത് കണ്ടുവെന്ന് ഒരുപാട് കുട്ടികള്‍ പറഞ്ഞിരുന്നു. ലോണ്‍ ആപ്പിന്റെ പേരില്‍ മരണം ചുരുക്കാനാണ് ശ്രമമെങ്കില്‍ അതു സമ്മതിക്കില്ല. അതിനെതിരെ പോകാന്‍ പറ്റുന്ന ഇടം വരെ പോകും. നീതിന് നീതി ലഭിച്ചില്ലെങ്കില്‍ ഞങ്ങളും ഈ ലോകത്ത് കാണില്ലെന്നും സഹോദരി പറയുന്നു. അന്ന് റാമിന്റെ കാര്യവും അവന്‍ വിളിച്ചു പറഞ്ഞതാണ്. എന്തു കാര്യവും നിതിന്‍ തുറന്നു പറയുമായിരുന്നുവെന്നും നിഖിത പറഞ്ഞു.
ആപ്പ് ലോണിന്റെ പേരില്‍ ചുരുക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ തന്റെ ഫോണിലും തെളിവുണ്ട്. ലത എന്ന അധ്യാപികയുടെ നമ്പര്‍ റഫറന്‍സായി നല്‍കിയിട്ടില്ല. അങ്ങനെ എടുത്തിട്ടുണ്ടെങ്കില്‍ അത് ഹാക്ക് ചെയ്തതായിരിക്കും. ബാങ്കുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഒരാളായതിനാല്‍ അതേപ്പറ്റി തനിക്ക് വ്യക്തമായി അറിയാം. അവന്റെ സിബില്‍ സ്‌കോര്‍ അടക്കം പരിശോധിച്ചതാണ്. അവന് വേറെ ലോണ്‍ ഒന്നും തന്നെയില്ല.
മൂന്നുമാസത്തോളം സിക്ക് റൂമില്‍ ഒറ്റയ്ക്ക് ഇട്ടിട്ടുപോലും അത്രയ്ക്കും ബോള്‍ഡായി ജീവിച്ചവനാണ്. പറ്റില്ലായിരുന്നുവെങ്കില്‍ അന്നേ അവന്‍ അതെല്ലാം ഇട്ട് ഓടി വരുമായിരുന്നു. ഇത്രയും പിടിച്ചു നിന്ന അവര്‍ കുഞ്ഞുകുഞ്ഞു കാര്യങ്ങള്‍ക്ക് ആത്മഹത്യ ചെയ്യുമോയെന്നും നിഖിത ചോദിക്കുന്നു. ലക്ഷങ്ങള്‍ ലോണ്‍ ആപ്പില്‍ നിന്നും തട്ടിയെടുത്തിട്ടൊന്നുമില്ല. ആപ്പ് ലോണിന്റെ പേരില്‍ കേസ് തള്ളിക്കളയാന്‍ ശ്രമിച്ചാല്‍ ഞങ്ങളും ഈ ഭൂമിയില്‍ കാണില്ലെന്നും നിഖിത പറയുന്നു.



















