ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭയില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും പ്രതിപക്ഷമായ കോണ്‍ഗ്രസും തമ്മില്‍ സഭയുടെ നടുത്തളത്തില്‍ ഏറ്റുമുട്ടിയതോടെ നാടകീയ രംഗങ്ങള്‍ അരങ്ങേറി. മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ മദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇന്ന് വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയും എംഎല്‍എമാരും മദ്യപിച്ചെത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ഉച്ചഭക്ഷണത്തിന് ശേഷം സഭ വീണ്ടും ചേര്‍ന്നപ്പോള്‍, മന്നിനെ ബ്രീത്ത് അനലൈസര്‍ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ എഎപി എംഎല്‍എമാര്‍ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തിയതോടെ സഭ നിര്‍ത്തിവെച്ചു.
മന്നിന്റെ ‘പെരുമാറ്റത്തില്‍’ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വ നേരത്തെ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം കോണ്‍ഗ്രസ് അംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. ബിജെപിയും മുഖ്യമന്ത്രിക്കെതിരെ സമാനമായ ആരോപണം ഉന്നയിച്ചു.
അടുത്തിടെ ആം ആദ്മി പാര്‍ട്ടി വിട്ട ബിജെപി എംപി സ്വാതി മലിവാളും മന്‍ സഭയെ അഭിസംബോധന ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തി. ഭഗവന്ത് മന്‍ ‘മദ്യപരിശോധനയ്ക്ക്’ വിധേയനാകണമെന്നും കുറ്റക്കാരനാണെന്ന് കണ്ടാല്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
‘ഇന്ന് വീണ്ടും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ‘ജനാധിപത്യത്തിന്റെ ശ്രീകോവിലായ’ പഞ്ചാബ് നിയമസഭയില്‍ മദ്യപിച്ചെത്തിയതായി ആരോപിക്കപ്പെടുന്നു. ഈ മനുഷ്യന്‍ ഗുരുദ്വാരകളിലും ക്ഷേത്രങ്ങളിലും മദ്യപിച്ച് പോകുന്നു, ലോക്‌സഭയിലും സര്‍ക്കാര്‍ യോഗങ്ങളിലും മദ്യപിച്ചാണ് എത്തിയിരുന്നത്. വിദേശത്ത് വെച്ച് അമിതമായി മദ്യപിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ വിമാനത്തില്‍ നിന്ന് പുറത്താക്കിയ സാഹചര്യം വരെയുണ്ടായി,’ മലിവാള്‍ പറഞ്ഞു.’തെരഞ്ഞെടുപ്പിന് മുമ്പ് ഇനി ഒരിക്കലും മദ്യപിക്കില്ലെന്ന് തന്റെ അമ്മയുടെ തലയില്‍ തൊട്ട് അദ്ദേഹം സത്യം ചെയ്തതാണ്. പഞ്ചാബ് പോലുള്ള അതീവ ജാഗ്രത വേണ്ട ഒരു അതിര്‍ത്തി സംസ്ഥാനത്തെ മുഖ്യമന്ത്രി എപ്പോഴും ലഹരിയിലാണെന്നും മദ്യപിച്ച് ഫയലുകളില്‍ ഒപ്പിടുന്നുവെന്നും പറയുന്നത് ലജ്ജാകരമാണ്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.



















