കിന്‍ഷാസ: ആഫ്രിക്കയില്‍ ആശങ്ക ഉയര്‍ത്തി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ വീണ്ടും എബോള രോഗബാധ. കിഴക്കന്‍ പ്രവിശ്യയായ ഇറ്റൂരിയില്‍ വൈറസ് രോഗം ബാധിച്ച് ഇതിനോടകം 65 പേര്‍ മരിച്ചെന്നും 246 സംശയാസ്പദ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തുവെന്നും ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു.
സ്വര്‍ണ ഖനനം നടക്കുന്ന മോങ്വാലു, റുവാമ്പാറ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. മൊംഗ്വാലു, റുവാംപറ മേഖലകളിലാണ് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. പ്രവിശ്യാ തലസ്ഥാനമായ ബുനിയയിലും സംശയാസ്പദമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാധാരണ കാണുന്ന വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമായ വകഭേദമാവാം പുതിയ വ്യാപനത്തിന് പിന്നിലെന്ന് ആരോഗ്യവിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട്.അതിര്‍ത്തി രാജ്യങ്ങളായ ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നീ രാജ്യങ്ങളുമായി ആശയവിനിമയം പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഏറെ അപകടകാരിയാണ് എബോള വൈറസ്. ഛര്‍ദ്ദി, രക്തം, ശുക്ലം തുടങ്ങിയ ശരീരസ്രവങ്ങളിലൂടെയാണ് പ്രധാനമായും പകരുക. രോഗബാധിതരുടെയോ രോഗം മൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസര്‍ജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം.
വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ട് മുതല്‍ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങള്‍ പ്രകടമാകും. സാധാരണ വൈറല്‍ രോഗങ്ങളില്‍ കാണുന്നതു പോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോള്‍ ഛര്‍ദ്ദി, തൊലിയിലെ തിണര്‍പ്പ് എന്നിവയും ഉണ്ടാകാം. രോഗം വന്ന് അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. മനുഷ്യര്‍ക്ക് പുറമെ കുരങ്ങുകള്‍, മാനുകള്‍, മുള്ളന്‍ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണാറുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസര്‍ജ്യങ്ങളിലൂടെയോ, അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാനുള്ള സാധ്യത ഏറെയാണ്.




















