കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമം തുറന്നു പറഞ്ഞ് നടി മീര വാസുദേവ്. തന്റെ ട്യൂഷന്‍ അധ്യാപകനില്‍ നിന്നാണ് മീരയ്ക്ക് ദുരനുഭവമുണ്ടായത്. അതിക്രമം നേരിടുമ്പോള്‍ തനിക്ക് ഏഴ് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പുറത്തു പറയാതിരിക്കാന്‍ അയാള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും മീര പറയുന്നു. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മീര വാസുദേവന്‍ മനസ് തുറന്നത്. ആ വാക്കുകളിലേക്ക്;
ട്യൂഷന്‍ ടീച്ചറായിരുന്നു. തമിഴ് പഠിപ്പിച്ചിരുന്നയാളായിരുന്നു. ഞാന്‍ തമിഴില്‍ വീക്കായിരുന്നു. മുത്തശ്ശിയുടെ റഫറന്‍സായിരുന്നു അയാള്‍. വീട്ടിലെ ആരും അറിഞ്ഞിരുന്നില്ല. അയാള്‍ എന്നെ തുടര്‍ച്ചയായി ലൈംഗിക ഉപദ്രവിച്ചു. അവിടെ വരുന്ന മറ്റ് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും അയാള്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. വര്‍ഷങ്ങളോളം ഞാന്‍ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. കാരണം അയാള്‍ നിരന്തരം എന്നെ ഭീഷണിപ്പെടുത്തുമായിരുന്നു. സംഭവം തുടങ്ങുമ്പോള്‍ എനിക്ക് ഏഴോ എട്ടോ വയസ് മാത്രമേയുള്ളൂ. അപ്പോഴത്തെ കാലത്ത് ലൈംഗിക വിദ്യാഭ്യാസമില്ലായിരുന്നു.
അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. ഞാന്‍ ചെറുതായിരുന്നതിനാല്‍ അതില്‍ വീണുപോയി. ഞാനൊരു മോശം പെണ്‍കുട്ടിയാണെന്ന് സ്‌കൂളിലെ അധ്യാപകരോടും അച്ഛനോടും അമ്മയോടുമൊക്കെ പറഞ്ഞു കൊടുക്കുമെന്ന് അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. അതോടെ വീട്ടില്‍ നിന്നും പുറത്താക്കുമെന്നും അവര്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞപ്പോള്‍ ഞാന്‍ ആകെ പേടിച്ചു പോയി.
ചൂഷണം നേരിട്ടൊരാളാണെങ്കില്‍ നമ്മുടെ ശരീരഭാഷ തന്നെ മാറിപ്പോകും. അക്രമികള്‍ ഇരകളെ പ്രൊഫൈല്‍ ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ വായിച്ചിട്ടുണ്ട്. അതിക്രമികളുടെ മുന്നില്‍ ഇരകളുടെ സ്വഭാവം തന്നെ മാറും. ലൈംഗിക അതിക്രമം നേരിടാത്ത ഒരാളാണെങ്കില്‍ എന്തെങ്കിലും മോശം അനുഭവമുണ്ടായാല്‍ പ്രതികരിക്കും. മറിച്ച് ദുരനുഭവം നേരിട്ടവരാണെങ്കില്‍ പ്രതികരിക്കുന്ന രീതി മാറും. ശരീരഭാഷ മാറും. പേടി കാണിക്കും. സബ് മിസീവ് ആകും. അത് അവര്‍ മുതലെടുക്കും. അതില്‍ നിന്നുമാണ് പുറത്ത് കടക്കേണ്ടത്.
പതിനേഴ് വയസ് വരെ എനിക്ക് ദുരനുഭവം നേരിടേണ്ടി വന്നു. അതെന്നെ വല്ലാതെ ബാധിച്ചിരുന്നു. ഞാന്‍ നിലവിളിക്കുകയും, കരയുകയും സ്വയം മുറിവേല്‍പ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. പിന്നീട് ഞാന്‍ പറയുന്നത് ആരും കേള്‍ക്കുകയോ മനസിലാക്കുകയോ ചെയ്യില്ലെന്ന് തോന്നിയതോടെ മിണ്ടാതായി. എനിക്ക് സുഹൃത്തുക്കളും ഉണ്ടായിരുന്നില്ല. ഇതേ അധ്യാപകന്‍ തന്നെ സഹോദരിയ്ക്കും ക്ലാസെടുക്കാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പ്രശ്‌നമുണ്ടാക്കി. പക്ഷെ എനിക്ക് ലൈംഗികതയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എനിക്ക് സംഭവിക്കുന്നത് എന്തെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അതിനാല്‍ അച്ഛനോടും അമ്മയോടും എങ്ങനെ വിശദീകരിക്കണമെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.




















