സംസ്ഥാനത്ത് പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. യുഡിഎഫിന്റെ 21 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പങ്കെടുത്തു. കൂടാതെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ തലസ്ഥാനത്തെത്തി. ദീര്‍ഘനേരം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് 20 അംഗ മന്ത്രിമാരുടെ പട്ടിക ഇന്നല നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്. സത്യപ്രതിജ്ഞ ചടങ്ങ് കണക്കിലെടുത്ത് തലസ്ഥാന നഗരിയില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. മന്ത്രിമാരുടെ വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കും.




















