പെട്രോള്‍, ഡീസല്‍ വില ഇനിയും കൂടും? ചങ്കിടിപ്പോടെ ജനം; രണ്ടാഴ്ചയ്ക്കുള്ളിലെ വര്‍ധിപ്പിച്ചത് നാലാം തവണ

May 25, 2026

ഇന്ത്യയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നാലാം തവണയും ഇന്ധനവില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ക്രൂഡ് ഓയില്‍ വിപണിയിലെ അസ്ഥിരത തുടരുന്ന സാഹചര്യത്തില്‍ ഇനിയും വില ഉയര്‍ന്നേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധമാണ് ആഗോള ഊര്‍ജ വിതരണത്തെ തടസപ്പെടുത്തുകയും ക്രൂഡ് ഓയില്‍ വിപണിയെ അസ്ഥിരതയിലേയ്ക്ക് എത്തിക്കുകയും ചെയ്തിരിക്കുന്നത്. ഇനിയും വില വര്‍ധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

പൊതുമേഖലാ എണ്ണക്കമ്പനികള്‍ തിങ്കളാഴ്ച(മെയ് 25ന്) പെട്രോള്‍ വില ലിറ്ററിന് 2.61 രൂപയും ഡീസല്‍ വില ലിറ്ററിന് 2.71 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ മെയ് 15-ന് ശേഷം പെട്രോളിന് മൊത്തം 7.35 രൂപയും ഡീസലിന് 7.53 രൂപയും വര്‍ദ്ധിച്ചു. ഡല്‍ഹിയില്‍ ഇപ്പോള്‍ പെട്രോള്‍ വില ലിറ്ററിന് 102.12 രൂപയും ഡീസല്‍ വില 95.20 രൂപയുമാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ദേശീയ തലസ്ഥാനത്ത് പെട്രോള്‍ വില 100 രൂപ കടക്കുന്നത്. ഫെബ്രുവരി അവസാന വാരം ആരംഭിച്ച യു.എസ്-ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ക്കിടയിലാണ് ഈ വിലവര്‍ദ്ധനവ്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗത തടസ്സമാണ് എണ്ണവില കുതിച്ചുയരാന്‍ പ്രധാന കാരണം.

ഇന്ത്യയിലെ ഇന്ധനവിലയെ ഹോര്‍മൂസ് കടലിടുക്ക് ബാധിക്കുന്നത് എങ്ങനെ?

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ ഗതാഗത പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കത്തിലുണ്ടായ തടസം ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലയിലുണ്ടായ കുത്തനെയുള്ള വര്‍ദ്ധനവിനെ സാരമായി ബാധിച്ചിട്ടുണ്ട്. ആഗോള ക്രൂഡ് ഓയിലിന്റെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഇറാനും ഒമാനും ഇടയിലുള്ള ഈ ഇടുങ്ങിയ ജലപാതയിലൂടെയാണ്. അതിനാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് ഇത് വളരെ നിര്‍ണായകമാണ്. പശ്ചിമേഷ്യയില്‍ യുഎസ്-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ, ഈ കടലിടുക്കിലൂടെയുള്ള വാണിജ്യ ഗതാഗതം സാരമായി തടസ്സപ്പെട്ടു. ഇത് ആഗോള വിപണിയില്‍ ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ആശങ്കയ്ക്ക് കാരണമായി. ഈ അനിശ്ചിതാവസ്ഥ ബ്രെന്റ് ക്രൂഡ് (Brent crude) വില കുത്തനെ ഉയരാന്‍ ഇടയാക്കി. ഇന്ത്യ 85ശതമാനത്തിലധികവും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. ഇറക്കുമതി ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ചിലവ് വര്‍ധിക്കാന്‍ ബ്രെന്റ് ക്രൂഡ് വില ഉയര്‍ന്നത് കാരണമായി. ആഗോള വിതരണത്തിലുണ്ടാകുന്ന ഏതൊരു തടസ്സവും അന്താരാഷ്ട്ര വിലയിലെ വര്‍ദ്ധനവും ആഭ്യന്തര ഇന്ധന നിരക്കിനെ നേരിട്ട് ബാധിക്കും.

ഇനിയും വില വര്‍ദ്ധിച്ചേക്കുമെന്ന് വിദഗ്ധര്‍

നിലവിലെ വില വര്‍ധനവ് ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് എണ്ണ വ്യവസായ രംഗത്തെ പ്രമുഖരും ഊര്‍ജ്ജ വിദഗ്ധരും പറയുന്നത്. യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിട്ടും വില കൂട്ടാതെ പിടിച്ചുനിര്‍ത്തിയതുവഴി ഉണ്ടായ നഷ്ടം നികത്താന്‍ പൊതുമേഖലാ കമ്പനികള്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഫെബ്രുവരി 27-ന് ബാരലിന് 72.87 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് വില, സംഘര്‍ഷം രൂക്ഷമായതോടെ മാര്‍ച്ചില്‍ ഏകദേശം 120 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു. നയതന്ത്ര ചര്‍ച്ചകള്‍ നല്‍കിയ പ്രതീക്ഷയില്‍ അടുത്തിടെ വില അല്‍പ്പം കുറയുകയും താല്‍ക്കാലികമായി 100 ഡോളറിന് താഴെയെത്തുകയും ചെയ്‌തെങ്കിലും, നിലവിലെ ക്രൂഡ് ഓയില്‍ വിപണി ഇന്ത്യന്‍ ഇന്ധന വിതരണക്കാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തക്കവണ്ണം ഉയര്‍ന്നതാണെന്നാണ് വിദ്ധരുടെ നിരീക്ഷണം. മുമ്പ് പ്രതിദിനം 1,000 കോടി രൂപയോളമായിരുന്ന കമ്പനികളുടെ മൊത്തം നഷ്ടം തുടര്‍ച്ചയായ വിലവര്‍ദ്ധനവിലൂടെ ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായി മാറിയിട്ടില്ല. ബ്രെന്റ് ക്രൂഡ് വില ദീര്‍ഘകാലത്തേക്ക് 100 ഡോളറിന് താഴെയായി സ്ഥിരപ്പെടാതിരുന്നാല്‍ അഞ്ചാമതൊരു വിലവര്‍ദ്ധനവിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

സര്‍ക്കാര്‍ തീരുമാനം

ആഗോളതലത്തില്‍ വിതരണ തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയുടെ കാര്യത്തില്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ സര്‍ക്കാരിന് കടുത്ത തീരുമാനം എടുക്കേണ്ടി വരുമെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞിരുന്നു. കാര്‍പൂളിംഗ് നടത്തുക, പൊതുഗതാഗതം കൂടുതല്‍ ഉപയോഗിക്കുക, അനാവശ്യ ചിലവുകള്‍ ഒഴിവാക്കുക തുടങ്ങിയ നടപടികളിലൂടെ ഇന്ധനവും വിദേശനാണ്യവും സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പൗരന്മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. ദീര്‍ഘകാല സാമ്പത്തിക-ഊര്‍ജ്ജ അനിശ്ചിതാവസ്ഥയ്ക്ക് മുന്നോടിയായിയാരുന്നു ഈ മുന്നറിയിപ്പെല്ലാം.

യു.എസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നു, ഉപരോധം തുടരുന്നു

അമേരിക്കയും ഇറാനും തമ്മില്‍ വെടിനിര്‍ത്തലിനും ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ആഗോള എണ്ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ. മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനും ഊര്‍ജ്ജ വിതരണം പുനഃസ്ഥാപിക്കുന്നതിനുമുള്ള സമഗ്രമായ കരാറിലേക്ക് എത്തുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗതി കൈവരിക്കുന്നുണ്ടെന്നാണ് യു.എസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. കരാറിന്റെ ഒരു രൂപരേഖ ഏതാണ്ട് തയ്യാറായിക്കഴിഞ്ഞതായി മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടെങ്കിലും, ഇറാന്‍ ഉദ്യോഗസ്ഥര്‍ ഈ അവകാശവാദങ്ങളെ പരസ്യമായി തള്ളിക്കളഞ്ഞിരിക്കുകയാണ്. എങ്കിലും, ഔപചാരികമായ ഒരു കരാറിലെത്തുന്നതുവരെ ഹോര്‍മുസ് കടലിടുക്കിന്മേലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് യു എസ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. ചര്‍ച്ചകള്‍ വിജയകരമായാല്‍ ഈ പാത വീണ്ടും തുറക്കുമെങ്കിലും, ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതുവരെ ഊര്‍ജ്ജ വിതരണം പരിമിതമായി തുടരുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. സുരക്ഷാ ഭീഷണികള്‍, ഇന്‍ഷുറന്‍സ് ആശങ്കകള്‍, നാവിക സംഘര്‍ഷങ്ങള്‍ എന്നിവ കാരണം ഈ കടലിടുക്കിലൂടെയുള്ള വാണിജ്യ ഗതാഗതം കടുത്ത തടസ്സം നേരിടുന്നുണ്ട്. നയതന്ത്രതലത്തില്‍ പരിഹാരമുണ്ടായാല്‍ പോലും, സാധാരണ നില കൈവരിക്കാന്‍ സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

എണ്ണക്കമ്പനികളുടെ ലാഭത്തെച്ചൊല്ലി തര്‍ക്കം

മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ , ഭാരത് പെട്രോളിയം,ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ അടുത്തിടെ വലിയ ലാഭം രേഖപ്പെടുത്തിയ സാഹചര്യത്തില്‍, തുടര്‍ച്ചയായ വിലവര്‍ദ്ധനവ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സംഘര്‍ഷം കടുക്കുന്നതിന് മുമ്പ്, ക്രൂഡ് ഓയില്‍ വില സ്ഥിരതയാര്‍ന്നതും റിഫൈനിംഗ് മാര്‍ജിന്‍ ശക്തവുമായിരുന്നതിനാല്‍, 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഈ കമ്പനികള്‍ മൊത്തത്തില്‍ 77,000 കോടി രൂപയിലധികം അറ്റാദായം നേടിയിരുന്നു.

പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വിലയിലും ഗതാഗതച്ചെലവിലും ഉണ്ടായ പെട്ടെന്നുള്ള വര്‍ദ്ധനവ് നിലവിലെ റീട്ടെയില്‍ വിലയില്‍ പൂര്‍ണ്ണമായി പ്രതിഫലിക്കുന്നില്ലെന്നാണ് കമ്പനി അധികൃതരുടെ വാദം. നിലവിലെ യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചയില്‍ മാത്രമാണ് പ്രതീക്ഷ. എന്നാല്‍ മാത്രമേ ഹോര്‍മൂസിലൂടെയുള്ള ചരക്കു നീക്കം പഴയപോലെ ആവൂ. എന്നാല്‍ ഈ അനിശ്ചിതാവസ്ഥ തുടര്‍ന്നാല്‍ ഇന്ത്യയിലെ ഇന്ധന വില വലിയ പ്രതിസന്ധിയിലേയ്ക്ക് എത്തിക്കുമോ എന്നതാണ് ഉപഭോക്താക്കളുടെ ആശങ്ക.

cake tower new
LATEST NEWS
നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനു 5 വർഷം ജയിൽ ശിക്ഷയും അമ്പതിനായിരം രൂപ പിഴയും

നാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനു 5 വർഷം ജയിൽ ശിക്ഷയും അമ്പതിനായിരം രൂപ പിഴയും

ആറ്റിങ്ങൽ: 4 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 75 വയസുകാരനായ പ്രതിക്ക് 5 വർഷം തടവും ₹50,000...