‘ചത്തുകൂടേ എന്നായിരുന്നു പ്രചാരണം; ഇതിന് പിന്നില്‍ ആര്?, ഇതൊന്നും കേരളത്തിന് യോജിച്ചതല്ല’

Jun 10, 2026

തിരുവനന്തപുരം: നടന്‍ സലീംകുമാറിന്റെ സംസ്‌കാര ചടങ്ങിനിടെ മൊബൈല്‍ കാമറകളുമായി തിക്കും തിരക്കും ഉണ്ടാക്കിയ സംഭവം നിയമം കൊണ്ട് നിയന്ത്രിക്കേണ്ട കാര്യമല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അദ്ദേഹം രോഗബാധിതനായി കിടക്കുമ്പോഴും മരിച്ചു കഴിഞ്ഞിട്ടും വളരെ മോശമായ രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പ്രചാരണം നടത്തി. ആരാണ് ഇതിന്റെ പുറകില്‍? ഇത് നമ്മുടെ കേരളത്തിന് യോജിച്ചതല്ല. കേരളം അത് തിരിച്ചറിയും. ചെയ്യുന്ന ആളുകള്‍ അത് മനസിലാക്കണമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

‘സലീംകുമാറിന്റെ സംസ്‌കാര ചടങ്ങിനിടെ തിക്കും തിരക്കും ഉണ്ടാക്കിയപ്പോള്‍ ഞാന്‍ തന്നെ ദേഷ്യപ്പെട്ട് അവരോട് സംസാരിച്ചു. കാരണം ഗാര്‍ഡ് ഓഫ് ഓണര്‍ കൊടുക്കാന്‍ പോലും പൊലീസിന് പറ്റുന്നില്ല. കുടുംബാംഗങ്ങള്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ അനുവദിക്കുന്നില്ല. വല്ലാത്തൊരു സ്ഥിതിയായിരുന്നു. ഞാനാണ് ആദ്യം പ്രതികരിച്ചത്. നിങ്ങള്‍ മാറിനില്‍ക്കണം. കുടുംബത്തിന് കര്‍മ്മങ്ങള്‍ ചെയ്യാന്‍ അനുവദിക്കണം. അത് മാത്രമല്ലല്ലോ. അദ്ദേഹം രോഗബാധിതനായി കിടക്കുമ്പോള്‍ സോഷ്യല്‍മീഡിയയില്‍ വലിയൊരു ആക്രമണം ഉണ്ടായി. ചത്തുകൂടേ എന്നാണ് ചോദിച്ചത്. എന്താണ് ആ മനുഷ്യന്‍ ചെയ്ത തെറ്റ്? മരിച്ച് കഴിഞ്ഞിട്ടും വളരെ മോശമായ രീതിയില്‍ സോഷ്യല്‍മീഡിയ പ്രചാരണം നടത്തി. ഇത് നമ്മുടെ കേരളത്തിലാണോ നടക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ ഒരു നടനാണ്. മലയാളികളെ ചിരിപ്പിച്ച ഒരു നടനാണ്. എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരാളെ കുറിച്ച് എന്തും സോഷ്യല്‍മീഡിയയിലൂടെ പ്രചാരണം നടത്താമോ? ചത്തുകൂടേ എന്നാണ് ചോദിച്ചത്. സുഖമില്ലാതെ ഒരാള്‍ കിടക്കുമ്പോള്‍. ഇതാണോ നമ്മുടെ കേരളം. ആരാണ് ഇതിന്റെ പുറകില്‍?. ഈ കാംപെയ്‌ന്റെ പുറകില്‍?’- വി ഡി സതീശന്‍ ചോദിച്ചു.

‘എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്. കലാകാരന്മാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയമുണ്ട്. അവരുടെ രാഷ്ട്രീയത്തിന്റെ പേരില്‍ ഒരാള്‍ സുഖമില്ലാതെ വെന്റിലേറ്ററില്‍ മരണത്തോട് മല്ലടിച്ചു കിടക്കുമ്പോള്‍ നടത്തിയ ഒരു കാംപെയ്ന്‍ ഉണ്ടല്ലോ. ഇത് നമ്മുടെ കേരളത്തിന് യോജിച്ചതല്ല. കേരളം അത് തിരിച്ചറിയും. ചെയ്യുന്ന ആളുകള്‍ അത് മനസിലാക്കണം’- വി ഡി സതീശന്‍ ഓര്‍മ്മിപ്പിച്ചു.

cake tower new
LATEST NEWS