ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ ബ്രസീൽ മൊറോക്കോയ്ക്കെതിരെ സമനില പിടിച്ച് രക്ഷപ്പെട്ടപ്പോൾ അതിൽ നിർണായകമായത് റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന്റെ മാജിക്ക് ഗോളായിരുന്നു. മത്സരത്തിൽ അടിമുടി നിറം മങ്ങി കളിച്ച ബ്രസീൽ ടീമിൽ അൽപ്പം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരം വിനീഷ്യസാണ്. ഗോളടിച്ചും സഹ താരങ്ങൾക്ക് ഗോളവസരം ഒരുക്കിക്കൊടുത്തും വിനി കളം വാണെങ്കിലും ടീമെന്ന നിലയിൽ ബ്രസീൽ ഈ കളി കളിച്ചാൽ മതിയാകില്ലെന്നു കടുത്ത എതിരാളികൾ പോലും സമ്മതിക്കുന്ന മങ്ങിയ പ്രകടനമാണ് സെലക്കാവോകൾ പുറത്തെടുത്തത്.
ബ്രസീൽ ജേഴ്സിയിൽ വിനീഷ്യസിന്റെ 50ാം മത്സരമായിരുന്നു ഇത്. ടീമിനെ രക്ഷപ്പെടുത്തിയ ഗോൾ നേടി താരം പോരാട്ടം അവിസ്മരണീയമാക്കി.
ബ്രസീലിന്റെ വിരസമായ കളിക്ക് ജീവൻ നൽകിക്കൊണ്ടാണ് വിനീഷ്യസ് ജൂനിയർ ഗോൾ നേടിയത്. മത്സരം പതുക്കെ ആരംഭിച്ച ബ്രസീൽ ആദ്യം ഒരു ഗോൾ വഴങ്ങിയെങ്കിലും, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് അവരുടെ പ്രധാന താരത്തിന്റെ മാന്ത്രിക നീക്കം സമനില സമ്മാനിക്കുകയായിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ താളം കണ്ടെത്താൻ ബ്രസീലിന് സാധിച്ചില്ല, അതിനുള്ള തിരിച്ചടിയും അവർക്ക് കിട്ടി. മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് മൊറോക്കോയായിരുന്നു. തുടക്കം മുതൽ ആക്രമിച്ച അവർ ആദ്യ പത്ത് മിനിറ്റിനുള്ളിൽ തന്നെ 6 ഗോൾ ശ്രമങ്ങളാണ് നടത്തിയത്. പിന്നീടാണ് ബ്രസീൽ മത്സരത്തിലേക്ക് തിരിച്ചെത്തിയത്.
മൊറോക്കോയുടെ ഗോൾ അതിമനോഹരമായിരുന്നു. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ബ്രഹിം ഡിയാസ് ബ്രസീലിന്റെ സെന്റർ ബാക്കുകൾക്കിടയിലൂടെ പന്ത് നൽകി. ഈ സീസണിൽ പിഎസ്‍വി ഐന്തോവനു വേണ്ടി 15 ഗോളുകൾ നേടിയ ഇസ്മായിൽ സൈബാരി ഡിയാസ് നൽകിയ പന്തുമായി മുന്നേറി. മുന്നോട്ടു കയറി വന്ന് പന്ത് തടയാൻ നിന്ന ബ്രസീൽ ഗോൾ കീപ്പർ അലിസന് എന്തെങ്കിലും ചെയ്യാൻ സാധിക്കും മുൻപ് തന്നെ സൈബാരി അലിസന് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് വലയിലാക്കി.
പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് ഒരുപാട് ചിന്തിക്കാനുള്ള വക നൽകുന്ന ഗോളായിരുന്നു 21ാം മിനിറ്റിൽ മൊറോക്കോ നേടിയത്. ഈ ഗോൾ ബ്രസീലിനെ സ്തബ്ധരാക്കി. എന്നാൽ പെട്ടെന്നാണ് ബ്രസീൽ തിരിച്ചടിച്ചത്. 32ാം മിനിറ്റിൽ തനിക്ക് ലഭിച്ച ആദ്യ അവസരം തന്നെ വിനീഷ്യസ് ജൂനിയർ മുതലാക്കി. മൊറോക്കോ താരങ്ങൾ വിനീഷ്യസിന് കുറച്ചധികം സ്ഥലം നൽകി. ഇത് മുതലെടുത്ത് റയൽ മാഡ്രിഡ് വിങ്ങർ തന്റെ വലതു കാലിലേക്ക് പന്ത് ഒതുക്കി വെട്ടിത്തിരിഞ്ഞ് മൊറോക്കോ പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്ക് തൊടുത്തുവിട്ടു. അതുവരെ നിശബ്ദരായി സ്റ്റേഡിയത്തിൽ കളി കണ്ട ബ്രസീൽ ആരാധകർക്ക് ആഘോഷിക്കാൻ വക നൽകുന്ന സുന്ദര ഗോളായിരുന്നു ഇത്.
വിനീഷ്യസിന്റെ ഈ ഗോൾ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്കും ആശ്വാസം നൽകുന്നതായിരുന്നു- ‘വിനീഷ്യസ് നന്നായി കളിച്ചു. എതിർ ടീമിൽ അപകടം വിതക്കാൻ അവനു സാധിച്ചു. ഒരു ലോകകപ്പ് സ്വന്തമാക്കാനുള്ള എല്ലാ കഴിവും ഉണ്ടെന്നു വിനീഷ്യസ് ബോധ്യപ്പെടുത്തുകയും ചെയ്തു’- ആഞ്ചലോട്ടി മത്സര ശേഷം വ്യക്തമാക്കി.
രണ്ടാം പകുതി ഏറെ പ്രതീക്ഷകൾ നൽകിയെങ്കിലും കളിയിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല. ആദ്യ പകുതിയിൽ പതറിയ കാസമിറോയെ മാറ്റി പകരം മാത്യൂസ് കുന്യയെ ഇറക്കി ബ്രസീൽ കളിക്ക് കൂടുതൽ മൂർച്ച കൂട്ടാൻ ശ്രമിച്ചു. എന്നാൽ കുന്യയ്ക്കും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. വിനീഷ്യസ് നിരന്തരം മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരുന്നിട്ടും രണ്ടാമതൊരു ഗോൾ മാത്രം പിറന്നില്ല. മറുവശത്ത് മികച്ച പന്തടക്കവും പാസിങുമായി മൊറോക്കോ നിരന്തരം ബ്രസീൽ ബോക്സിലേക്ക് ഭീഷണി ഉയർത്തിക്കൊണ്ടിരുന്നെങ്കിലും ഗോൾ മാത്രം വന്നില്ല.
തങ്ങളുടെ ആദ്യ കളിയിലെ പ്രകടനം പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് മത്സരത്തിന് ശേഷം ബ്രസീൽ പരിശീലകനു സമ്മതിക്കേണ്ടി വരുന്ന തരത്തിലുള്ള മങ്ങിയ പോരാട്ടമാണ് ബ്രസീൽ പുറത്തെടുത്തത്. ആഞ്ചലോട്ടിയെ സംബന്ധിച്ച് ഇത് കനത്ത തിരിച്ചടിയോ വലിയ സന്തോഷമോ നൽകുന്ന ഒന്നല്ല. ബ്രസീലിന് ഇനിയും ഒരുപാട് കാര്യങ്ങൾ മെച്ചപ്പെടുത്താനുണ്ടെന്ന ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ്.
‘ടീം അവസാന നിമിഷം വരെ കഠിനമായി പോരാടി. ഞങ്ങൾ എവിടെയാണ് മെച്ചപ്പെടേണ്ടതെന്ന് വളരെ വ്യക്തമാണ്. ആദ്യത്തെ രണ്ട് സൗഹൃദ മത്സരങ്ങളിൽ ഞങ്ങൾ നന്നായി ചെയ്ത കാര്യങ്ങൾ ഈ മത്സരത്തിന്റെ ആദ്യ പകുതിയിൽ ശരിയായി വന്നില്ല. ഞാൻ നിരാശനുമല്ല, പൂർണ തൃപ്തനുമല്ല. ടീം ഇനിയും കഠിനാധ്വാനം ചെയ്യണം. മൊറോക്കോ നന്നായി കളിച്ചു. ഇത് കടുപ്പമേറിയ മത്സരം തന്നെയായിരുന്നുവെന്ന് സമ്മതിക്കാതെ തരമില്ല’- ആഞ്ചലോട്ടി വ്യക്തമാക്കി.



















