പാലക്കാട്: നെല്‍കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ടുള്ള ബജറ്റാണ് സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് ദേശീയ കര്‍ഷക സംരക്ഷണ സമിതി. നെല്‍ സംഭരണത്തിനായി ഒരു രൂപ പോലും പ്രത്യേകമായി വകയിരുത്താതെയും കര്‍ഷകരോട് നല്‍കിയ പ്രധാന വാഗ്ദാനങ്ങള്‍ പാലിക്കാതെയും സര്‍ക്കാര്‍ നെല്‍കൃഷി മേഖലയെ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണെന്ന് സമിതിയുടെ ജനറല്‍ സെക്രട്ടറി പാണ്ടിയോട് പ്രഭാകരന്‍ ആരോപിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
പ്രതിപക്ഷത്തായിരുന്നപ്പോള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ‘തുഗ്ലക്ക് മാതൃകയിലുള്ള’ നെല്‍ സംഭരണ നയത്തെ ശക്തമായി വിമര്‍ശിച്ചവരാണ് ഇന്ന് ഭരണത്തിലിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നെല്‍ സംഭരണത്തിനായി ബജറ്റില്‍ പ്രത്യേക തുക വകയിരുത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്ന നേതാക്കളാണ് ഇപ്പോള്‍ അധികാരത്തിലേറി ബജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്നും, എന്നാല്‍ അതിനായി ഒരു രൂപ പോലും മാറ്റിവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പറഞ്ഞവരാണ് ഇന്ന് അവരെ പൂര്‍ണമായും അവഗണിക്കുന്നത്. നെല്‍ സംഭരണത്തിനായി പ്രത്യേക ഫണ്ട് അനുവദിക്കാത്തത് കര്‍ഷകരോടുള്ള വഞ്ചനയാണ്’ -പ്രഭാകരന്‍ പറഞ്ഞു. നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 40 രൂപയാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവും സര്‍ക്കാര്‍ മറന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അധികാരത്തിലെത്തുന്നതിന് മുമ്പ് ശക്തമായി ഉന്നയിച്ചിരുന്ന ആവശ്യം ഭരണത്തിലേറിയതോടെ വിസ്മരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ആറോളം മോഡേണ്‍ റൈസ് മില്ലുകള്‍ വര്‍ഷങ്ങളായി അടഞ്ഞുകിടക്കുകയാണെന്നും അവ പ്രവര്‍ത്തനസജ്ജമാക്കാന്‍ ഇതുവരെ ഗൗരവമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നെല്‍ സംഭരണവും സംസ്‌കരണവും കാര്യക്ഷമമാക്കുന്നതില്‍ ഈ മില്ലുകള്‍ക്ക് നിര്‍ണായക പങ്കുള്ളപ്പോഴാണ് സര്‍ക്കാര്‍ അനാസ്ഥ തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കര്‍ഷകക്ഷേമ ബോര്‍ഡിന് പുനര്‍ജീവന്‍ നല്‍കാനുള്ള നടപടികളും ബജറ്റില്‍ കാണാനില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കേണ്ട ബോര്‍ഡിനെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നെല്‍കൃഷി വിസ്തൃതി കുറയുകയും ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, കാര്‍ഷിക മേഖലയോടുള്ള സര്‍ക്കാരിന്റെ സമീപനം ആശങ്കാജനകമാണെന്ന് പ്രഭാകരന്‍ അഭിപ്രായപ്പെട്ടു.
‘നെല്‍കൃഷിയെ സര്‍ക്കാര്‍ പാടെ അവഗണിച്ചിരിക്കുകയാണ്. വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ ശേഷം കര്‍ഷകരെ കൈവിടുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ വഞ്ചനയ്ക്കെതിരെ സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ട്’ -അദ്ദേഹം പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി വിഡി സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പൊതുവെ സ്വാഗതാര്‍ഹവും കാര്‍ഷിക മേഖലയ്ക്ക് ആശ്വാസം പകരുന്നതുമാണെന്ന് ദേശീയ കര്‍ഷകസമാജം നേതാവ് മുതലാംതോട് മണി അഭിപ്രായപ്പെട്ടു.
റബറിന്റെ താങ്ങുവില 200 രൂപയില്‍ നിന്ന് 250 രൂപയായി ഉയര്‍ത്തിയതും ക്ഷീരമേഖലയുടെ വികസനത്തിനായി 102 കോടി രൂപ അനുവദിച്ചതും കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. തോട്ടം മേഖലയില്‍ ഇടവിള കൃഷി വ്യാപിപ്പിക്കുന്നതിനും ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായി ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ സാധ്യതകള്‍ സൃഷ്ടിക്കാനും സഹായകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.



















