ന്യൂഡല്‍ഹി: നീറ്റ പുനഃപരീക്ഷയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക നിരോധനം ജൂണ്‍ 22 അര്‍ദ്ധരാത്രി അവസാനിച്ചതോടെ, തിരികെ എത്തി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ടെലിഗ്രാം. ചൊവ്വാഴ്ച രാവിലെ ടെലിഗ്രാം പ്ലേസ്റ്റോറില്‍ ഗൂഗിള്‍ പുനഃസ്ഥാപിച്ചു.
ടെലിഗ്രാം ആപ്പ് പ്ലേസ്റ്റോറില്‍ ഗൂഗിള്‍ തിരികെ എത്തിക്കുന്നതിന് മുന്‍പ് തന്നെ നിലവിലുള്ള ചില ഉപയോക്താക്കള്‍ക്ക് പ്ലാറ്റ്ഫോം ലഭ്യമായിരുന്നു. എന്നാല്‍, ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ഇന്ന് രാവിലെ 10 മണി വരെ ആപ്പ് പുനഃസ്ഥാപിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ജൂണ്‍ 22 വരെയായിരുന്നു ടെലിഗ്രാമിന് സര്‍ക്കാര്‍ താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഈ ഉത്തരവിന്റെ സമയപരിധി നീട്ടുകയോ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
നീറ്റ് പരീക്ഷയുടെ വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിക്കുന്നത് തടയുന്നതില്‍ പരാജയപ്പെടുകയും തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തുടരുകയും ചെയ്ത പശ്ചാത്തലത്തില്‍ നീറ്റ് പുനഃപരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ടെലിഗ്രാമിന് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി ജൂണ്‍ 3ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ടെലിഗ്രാം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി ഈ ആശങ്കകള്‍ അറിയിച്ചിരുന്നു.
തുടര്‍ന്നാണ് ആപ്പും അതിന്റെ വെബ് പതിപ്പ് ഉള്‍പ്പെടെയുള്ള ലിങ്കുകളും ജൂണ്‍ 22 വരെ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചത്. കൂടാതെ, ജൂണ്‍ 30 വരെ മെസ്സേജ് എഡിറ്റിങ് ഫീച്ചര്‍ ബ്ലോക്ക് ചെയ്യാനും ടെലിഗ്രാമിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ 21-നാണ് നീറ്റ് പുനഃപരീക്ഷ നടന്നത്. ഇതുവരെ പരീക്ഷയുമായി ബന്ധപ്പെട്ട് മറ്റ് ക്രമക്കേടുകളോ തട്ടിപ്പുകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.




















