തിരുവനന്തപുരം: ചട്ടലംഘനം ചൂണ്ടിക്കാട്ടി ഹൈക്കോടതി അസാധുവാക്കിയ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ വീണ്ടും നടന്നു. റദ്ദാക്കപ്പെട്ട 20 പേരിൽ 19 കൗൺസിലർമാരാണ് ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. വൈകിട്ട് 4.30ന് കോർപ്പറേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ മേയർ വി വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.
കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ആർ സുഗതന് ഇന്ന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ല. നേരത്തെ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്നാണ് 20 അംഗങ്ങളുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയത്. നാലാഴ്ചയ്ക്കകം നിയമപ്രകാരം വീണ്ടും സത്യപ്രതിജ്ഞ നടത്തണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.
അതേസമയം ചടങ്ങിനെതിരെ എൽഡിഎഫ് പരാതി നൽകി. നിയമവിരുദ്ധമായ രീതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് പരാതി. എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ് പി ദീപക് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി. മറ്റ് ജനപ്രതിനിധികളെ അറിയിക്കാതെയാണ് ചടങ്ങ് നടത്തിയതെന്നും ചട്ടവിരുദ്ധമായ നടപടിയാണെന്നും പരാതിയിൽ ആരോപിച്ചു.
ദൈവനാമത്തിലോ സഗൗരവത്തിലോ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാവൂ എന്ന കേരള മുനിസിപ്പാലിറ്റി നിയമത്തിലെ വ്യവസ്ഥ ലംഘിച്ചുവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട ഹർജി നൽകിയതും എസ് പി ദീപക് തന്നെയായിരുന്നു.



















