ന്യൂഡൽഹി: പാസ്‌പോർട്ട് ഒരു യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിനുള്ള തെളിവല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതായുള്ള മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെ, വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ വൃത്തങ്ങൾ രംഗത്തെത്തി. പാസ്‌പോർട്ട് പൗരത്വത്തിനുള്ള രേഖയല്ലെന്നത് ഇന്നലെയോ കഴിഞ്ഞ 12 വർഷത്തെ മോദി ഭരണത്തിനിടയിലോ എടുത്ത പുതിയൊരു തീരുമാനമല്ലെന്നും, മറിച്ച് അത് നേരത്തെ തന്നെയുള്ള വസ്തുത മാത്രമാണെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ ഇപ്പോൾ വ്യക്തമാക്കുന്നത്. 1967-ലെ പാസ്‌പോർട്ട് നിയമപ്രകാരംഇന്ത്യൻ പൗരന്മാരല്ലാത്തവർക്കും ചില പ്രത്യേക സാഹചര്യങ്ങളിൽ പാസ്‌പോർട്ട് നൽകാൻ വ്യവസ്ഥയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
2013-ലെ ബോംബെ ഹൈക്കോടതി വിധികളിലും പാസ്‌പോർട്ട് പൗരത്വത്തിനുള്ള തെളിവല്ലെന്ന് വ്യക്തമാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ ഓർമ്മിപ്പിച്ചു. മുൻപ് വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ, ആധാർ കാർഡ് പൗരത്വത്തിനുള്ള അന്തിമ തെളിവല്ലെന്നും അത് വെറുമൊരു തിരിച്ചറിയൽ രേഖ മാത്രമാണെന്നും സുപ്രീം കോടതിയും നിരീക്ഷിച്ചിരുന്നു.
വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് യുക്തിരഹിതമെന്ന് ജാവേദ് അക്തർ
വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ വിശദീകരണത്തിന് പിന്നാലെ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാക്കളും സാംസ്കാരിക പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് ഇന്ത്യയിൽ പൗരത്വം തെളിയിക്കാനുള്ള ഏക മാർഗ്ഗം ഹിന്ദുവും ഒപ്പം ബിജെപി വോട്ടറും ആകുക എന്നത് മാത്രമാണെന്ന് തോന്നുന്നുവെന്നും മറ്റൊന്നും ഇവിടെ വിലപ്പോകില്ലെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര എക്സിൽ (X) കുറിച്ചപ്പോൾ, പിന്നെ ഏത് രേഖയാണ് പൗരത്വത്തിനുള്ള തെളിവ് എന്ന് രാജ്യസഭ എം.പി കപിൽ സിബൽ ചോദ്യമുന്നയിച്ചു. ഒരു ബിഎൽഓയ്ക്ക്തന്റെ പൗരത്വത്തെ ചോദ്യം ചെയ്യാനും വോട്ടവകാശം നിഷേധിക്കാനും കഴിയുമെന്നും അതിന്റെ ഫലമായി ബിജെപി തിരഞ്ഞെടുപ്പ് ജയിക്കുമെന്നും പരിഹസിച്ച അദ്ദേഹം ഇനി സുപ്രീം കോടതിയാണ് വഴിയെന്നും കൂട്ടിച്ചേർത്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം തികച്ചും യുക്തിരഹിതമാണെന്ന് വ്യക്തമാക്കിയ പ്രമുഖ ഗാനരചയിതാവ് ജാവേദ് അക്തർ, ഒരാൾ ഇന്ത്യൻ പൗരനാണെന്ന് പൂർണ്ണമായി ബോധ്യപ്പെടാതെയാണോ മന്ത്രാലയം ഇങ്ങനെയൊരു യാത്രാരേഖ അനുവദിക്കുന്നതെന്ന് ചോദിച്ചു.
പൗരത്വം തീരുമാനിക്കുന്നത് 1955-ലെ നിയമപ്രകാരം
ദേശീയ പൗരത്വ രജിസ്റ്റർ , പൗരത്വ ഭേദഗതി നിയമംഎന്നിവയുമായി ബന്ധപ്പെട്ട് 2019 ഡിസംബർ 20-ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ വിശദീകരണത്തിൽ, ജനനത്തീയതിയും ജനിച്ച സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ച് പൗരത്വം തെളിയിക്കാമെന്ന് വ്യക്തമാക്കിയതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതിനായി സ്വീകരിക്കാവുന്ന കൃത്യമായ രേഖകൾ ഏതെല്ലാമെന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും 2009-ലെ പൗരത്വ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരാളുടെ പൗരത്വം തീരുമാനിക്കുന്നതെന്നും വ്യക്തമാക്കപ്പെടുന്നു. ഈ ചട്ടങ്ങൾ 1955-ലെ പൗരത്വ നിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ജനനം വഴിയുള്ള പൗരത്വം , വംശപാരമ്പര്യം വഴിയുള്ള പൗരത്വം , രജിസ്‌ട്രേഷൻ വഴിയുള്ള പൗരത്വം , നാച്ചുറലൈസേഷൻ വഴിയുള്ള പൗരത്വം , ഏതെങ്കിലും പ്രദേശം ഇന്ത്യയുടെ ഭാഗമായി കൂട്ടിച്ചേർക്കപ്പെടുന്നത് വഴിഎന്നിങ്ങനെ അഞ്ച് രീതികളിലാണ് 1955-ലെ പൗരത്വ നിയമപ്രകാരം ഇന്ത്യയിൽ ഒരാൾക്ക് പൗരത്വം ലഭിക്കുന്നത്.




















