കൊച്ചി: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പതാം പ്രതിക്ക് ജാമ്യം കിട്ടാന്‍ കാരണം പബ്ലിക് പ്രോസിക്യൂട്ടറുടെ വീഴ്ചയാണെന്നുള്ള വിമര്‍ശനം ഉയരുന്നതിനിടെ പ്രോസിക്യൂട്ടര്‍ ഗീനാ കുമാരിയെ അനുകൂലിച്ച് നിരവധിപ്പേരാണ് രംഗത്ത് വന്നിട്ടുള്ളത്. നിരവധി കൊലപാതക കേസുകള്‍ ഉള്‍പ്പെടെ സര്‍ക്കാരിനു വേണ്ടി വാദിച്ചു പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുത്തിട്ടുള്ള വളരെ ടാലന്‍ഡഡ് ആയ അഭിഭാഷകയെ കരിവാരിത്തേക്കാമെന്ന് വിചാരിക്കേണ്ടെന്ന് അഭിഭാഷകയായ അയ്ഷ പി ജമാലിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയപ്പോഴും, അയാളുടെ തന്നെ ജാമ്യം പിന്നീട് പരിഗണിച്ചപ്പോഴും, ആ കോടതിയിലെ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി തന്നെയായിരുന്നു. കോണ്‍ഗ്രസുകാരും, മുസ്ലിം ലീഗുകാരും, ബിജെപിക്കാരും സിപിഐഎംകാരും പ്രതികളായി വരുന്ന കേസുകളില്‍ നീതിക്ക് നിരക്കാത്ത കാര്യങ്ങള്‍ എന്തെങ്കിലും ചെയ്തതായി ഇതുവരെ ഒരു ആരോപണവും ഉയര്‍ന്നിട്ടില്ലെന്നും അയ്ഷ പറയുന്നു. ഒരാള്‍ക്ക് എങ്ങനെ ജാമ്യം നല്‍കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തത്തെക്കുറിച്ചും അഭിഭാഷക കുറിപ്പില്‍ പറയുന്നു.
ജാമ്യമാണ് നിയമം, ജയില്‍ അപവാദവും, ഇതാണ് ജാമ്യത്തെ സംബന്ധിച്ച സംബന്ധിച്ച ഇന്ത്യന്‍ ക്രിമിനല്‍ വ്യവസ്ഥിതിയിലെ അടിസ്ഥാന ആപ്തവാക്യം. അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതിയെ, ജയിലില്‍ അടയ്ക്കുക എന്നുള്ളതല്ല കോടതിയുടെ ഉത്തരവാദിത്വം. ജയിലില്‍ അടയ്‌ക്കേണ്ട സാഹചര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടും പ്രോസിക്യൂഷന്റെ വാദവും കേട്ട ശേഷം റിമാന്‍ഡ് ചെയ്യേണ്ട കാരണങ്ങള്‍ എഴുതി വേണം ഒരു ജുഡീഷ്യല്‍ ഓഫീസര്‍ പ്രതിയെ റിമാന്‍ഡ് ചെയ്യാന്‍. സര്‍ക്കാറുകള്‍ മാറുമ്പോള്‍ പ്രോസികുട്ടര്‍മാരെയും മാറ്റും, അത് വളരെ സാധാരണമായി നടപടിയാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തിരുവനന്തപുരത്തും അതിനായി അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ഇഡി യെ ആക്രമിച്ച കേസില്‍ കണ്ടാലറിയാവുന്ന 300 ഓളം പേരെ പ്രതിചേര്‍ത്തിട്ടുണ്ട്. അതില്‍ കുറച്ചുപേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
അറസ്റ്റ് ചെയ്യപ്പെട്ടവരെ, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടും ഉണ്ട്. ഇനി അവര്‍ക്ക് ജാമ്യം കൊടുക്കാമോ എന്നാണ് ചോദ്യം..?
ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇനി കസ്റ്റഡി ആവശ്യമുണ്ടോ എന്നാണ്. ജാമ്യം നിരസിക്കാനുള്ള റിപ്പോര്‍ട്ടില്‍ അത് പോലീസ് വ്യക്തമായി പറഞ്ഞിരിക്കണം. ഇനിയും അയാളെ കസ്റ്റഡിയില്‍ ആവശ്യമുണ്ടോ എന്ന്.
പിന്നെ ആക്രമണത്തിന് ഉപയോഗിച്ച ആയുധം (ഈ കേസില്‍ വടി ആണ് ) കണ്ടെടുത്തിട്ടുണ്ടോ എന്നത്. 27 ദിവസമായി പ്രതി ജയിലില്‍ കിടന്നിട്ടും പോലീസ് ആ വടി കണ്ടെത്തിയിട്ടില്ല.
അടുത്തത് പരിക്കിന്റെ ആഴമാണ്. അത്തരം കാര്യപ്പെട്ട എന്തെങ്കിലും പരിക്ക് ഉള്ളതായി wound certificate ല്‍ പറയുന്നുമില്ല. ആ സമയത്തുള്ള സിസിടിവി ദൃശ്യങ്ങളും, ചാനല്‍ ദൃശ്യങ്ങളും പരിശോധിച്ചാല്‍ കാണുന്നുമില്ല.
പിന്നെ,എന്തിനാണ് ഒരാളെ ജയിലില്‍ ഇടുന്നത്. ജാമ്യം കിട്ടിയ ആള്‍ മുമ്പൊരു കേസില്‍ പോലും പ്രതിയായ വ്യക്തിയല്ല.ഇ ഡി ഉദ്യോഗസ്ഥരെ സ്വാധീനിക്കാനോ സാധ്യമല്ല.
ജാമ്യപേക്ഷയുടെ ഉത്തരവ് ഇതോടൊപ്പം നല്‍കുന്നുണ്ട് , അതില്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ യാതൊരു പരാമര്‍ശവും ഇല്ല. Custodial interrogation വേണമോ എന്ന ചോദ്യത്തിന് വേണ്ട, എന്നു പറഞ്ഞു. അതാണത്രേ ജാമ്യം കിട്ടാന്‍ കാരണം. പോലീസ് റിപ്പോര്‍ട്ടില്‍ , കസ്റ്റഡിയില്‍ വാങ്ങിയ, ഒരുതവണ അന്വേഷണം നടത്തിയ പ്രതിയെ, ഇനിയും കസ്റ്റഡിയില്‍ ആവശ്യമുണ്ടെങ്കില്‍ പ്രത്യേകം രേഖപ്പെടുത്തണം. അങ്ങനെ രേഖപ്പെടുത്താത്തിടത്തോളം ഒരു പ്രോസിക്യൂട്ടര്‍ക്കും കോടതിയില്‍ custodial interrogation വേണമെന്ന് വെറുതെ പറയാനാകില്ല. സുപ്രധാനമായ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂട്ടറെ നേരിട്ട് കണ്ടും, അല്ലെങ്കില്‍ ഫോണ്‍ ചെയ്തും, ജാമ്യം നിഷേധിക്കേണ്ട സാഹചര്യങ്ങള്‍ വിവരിക്കാറുണ്ട്. ഈ കേസില്‍ അങ്ങനെ ഉണ്ടായിട്ടുണ്ടോ..?, കുറിപ്പില്‍ പറയുന്നു.



















