ഇത്തവണത്തെ കേരള എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയിൽ (KEAM) മികച്ച നേട്ടം സ്വന്തമാക്കി കേരള സിലബസ് വിദ്യാർഥികൾ. റാങ്ക് പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഏഴും കേരള സിലബസ് വിദ്യാർഥികൾ സ്വന്തമാക്കിയപ്പോൾ സി ബി എസ് ഇ സ്ട്രീമിൽ പഠിച്ചവർക്ക് മൂന്നു സ്ഥാനങ്ങൾ മാത്രമാണ് സ്വന്തമാക്കാൻ കഴിഞ്ഞത്. ആദ്യ 100 പേരുടെ പട്ടിക എടുത്താൽ അവിടെയും കേരള സിലബസ് വിദ്യാർഥികൾ ശ്രദ്ധേയമായ മുന്നേറ്റമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ആദ്യ 100 റാങ്കിൽ 21 കേരള സിലബസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ കഥ മാറി. ആദ്യ 100 റാങ്കിൽ 48 പേരും കേരള സിലബസുകാരാണ്.
കഴിഞ്ഞ വർഷം ആദ്യ 100 റാങ്കിൽ 79 സി.ബി.എസ്.ഇ സിലബസിൽ പഠിച്ച വിദ്യാർഥികൾ ആയിരുന്നു. എന്നാൽ ഇത്തവണ അത് 47 ആയി കുറഞ്ഞു. ഇനി 5000 പേരുടെ റാങ്ക് ലിസ്റ്റ് പരിശോധിച്ചാൽ അവിടെയും കാണാം കേരള സിലബസിൽ പഠിച്ച കുട്ടികളുടെ മുന്നേറ്റം.
5000 പേരുടെ പട്ടികയിൽ 2721 പേർ കേരള സിലബസുകാരും 2029 പേർ സി.ബി.എസ്.ഇക്കാരുമാണ്. കഴിഞ്ഞ വർഷം ഈ ലിസ്റ്റിൽ കേരളാ സിലബസിൽ പഠിച്ച 1796 പേരാണുണ്ടായിരുന്നത്.
എന്ത് കൊണ്ട് ഈ മാറ്റം?
മുൻപ്, ഹയര്‍സെക്കന്‍ഡറിയിലെ ഫിസിക്‌സ്, കെമിസ്ട്രി, മാത്ത്‌സ് (1:1:1) എന്നി വിഷയങ്ങളിലെ മാര്‍ക്കും കീമിന്റെ സ്‌കോറും ചേര്‍ത്താണ് ഏകീകരണം നടത്തിയിരുന്നത്. ഈ രീതിയില്‍ സിബിഎസ്ഇ വിദ്യാര്‍ഥികളെക്കാള്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് 15 മുതല്‍ 20 വരെ മാര്‍ക്ക് കുറയാന്‍ കാരണമാകുന്നു എന്ന് വ്യാപക പരാതി ഉയർന്നിരുന്നു. പരാതികള്‍ ശക്തമായതോടെ ഏകീകരണ ഫോര്‍മുല പരിഷ്‌കരിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയും വിദഗ്ധ സമിതിയ്ക്ക് രൂപം നൽകുകയും ചെയ്തിരുന്നു.




















