വരുമാനത്തിന് മറ്റു മാര്‍ഗങ്ങള്‍ തേടണമെന്ന് മന്ത്രി; അച്ചപ്പവും കുഴലപ്പവും വിറ്റ് സ്വകാര്യ ബസ് ജീവനക്കാരുടെ പ്രതിഷേധം

Jul 2, 2026

പത്തനംതിട്ട: സ്വകാര്യ ബസ് മേഖലയിലെ വരുമാന പ്രതിസന്ധി പുതിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയാണ്. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ അധിക വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന ഗതാഗത മന്ത്രിയുടെ നിര്‍ദേശത്തെ പരിഹാസരൂപത്തില്‍ ഏറ്റെടുത്ത് ചില സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ ബസിനുള്ളില്‍ തന്നെ പലഹാര വില്‍പ്പന ആരംഭിച്ചു.

ബസില്‍ കയറുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും കുഴലപ്പവും വാങ്ങാമെന്ന രീതിയിലാണ് പ്രതിഷേധം ശ്രദ്ധ നേടുന്നത്. ‘വരുമാനം കണ്ടെത്താന്‍ പുതിയ വഴികള്‍ നോക്കണം’ എന്ന ഗതാഗത മന്ത്രി സിപി ജോണിന്റെ നിര്‍ദേശം തന്നെ പ്രതിഷേധത്തിന്റെ ആശയമാക്കിയെന്നാണ് ബസ് ഉടമകളുടെ വിശദീകരണം. ‘ഞങ്ങള്‍ പണമുണ്ടാക്കാനല്ല പലഹാരങ്ങള്‍ വിതരണം ചെയ്യുന്നത്. സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റിലൂടെയല്ലാതെ എന്ത് വരുമാനമാണ് യഥാര്‍ഥത്തില്‍ ഉണ്ടാക്കാന്‍ കഴിയുകയെന്ന് സര്‍ക്കാരിന് ബോധ്യപ്പെടുത്തി നല്‍കാണ് ഞങ്ങള്‍ ശ്രമിക്കുന്നത്’ -പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന കണ്ടക്ടര്‍മാരില്‍ ഒരാള്‍ പറയുന്നു.

‘പരസ്യം ചെയ്യുന്ന കാര്യം പരിഗണിക്കണമെന്ന് ഗതാഗത മന്ത്രി പറയുന്നു. എന്നാല്‍ എല്ലാവരും ഇന്ന് മൊബൈല്‍ഫോണിലാണ്. ആയിക്കണക്കിന് വ്‌ലോഗര്‍മാരും കണ്ടന്റ് ക്രിയേറ്റര്‍മാരും നമ്മുടെ സംസ്ഥാനത്തുണ്ട്. അങ്ങനെയുള്ളപ്പോള്‍ ആരാണ് പ്രൈവറ്റ് ബസില്‍ പരസ്യം ചെയ്യാന്‍ വരിക. കോവിഡിനു ശേഷം ബസ് യാത്രികരായിരുന്ന നിരവധി പേര്‍ സ്വന്തമായി ഇരുചക്ര വാഹനങ്ങള്‍ വാങ്ങി. അപ്പോള്‍ തന്നെ സ്വകാര്യ ബസുകളില്‍ പ്രതിസന്ധിയായി. അതിടെയാണ് പ്രിയദര്‍ശിനി പദ്ധതിയിലൂടെ സൗജന്യ യാത്ര നല്‍കുന്നത്. സര്‍വീസുകള്‍ നിര്‍ത്തേണ്ട സാഹചര്യമാണുള്ളത്’ -പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് ശേഷം സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുറഞ്ഞുവെന്നും അതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായെന്നും ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് ശ്രദ്ധ നേടുന്ന രീതിയില്‍ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചത്. സാധാരണ പ്രതിഷേധങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഈ നീക്കം യാത്രക്കാരുടെ ഇടയിലും സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

സ്വകാര്യ ബസുകളില്‍ ടിക്കറ്റിതര വരുമാനം ഉണ്ടാക്കാനുള്ള സാധ്യതകള്‍ തേടുമെന്ന് ചൊവ്വാഴ്ചയാണ് മന്ത്രി പറഞ്ഞത്. സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് സര്‍ക്കാര്‍ നികുതി പകുതിയാക്കി നല്‍കി. ഏതാണ്ട് 50,000 രൂപ ഒരുവര്‍ഷം ഇതുവഴി കുറഞ്ഞുകിട്ടും. ഇനി എന്തെല്ലാം ചെയ്യാനാകുമെന്ന കാര്യത്തില്‍ ആലോചന നടക്കും. അവര്‍ക്ക് പരസ്യം ചെയ്യാന്‍ പറ്റുമോ എന്ന കാര്യം പരിശോധിക്കും. കെഎസ്ആര്‍ടിസി നിലവില്‍ പരസ്യം ചെയ്യുന്നുണ്ട്. സ്വകാര്യ ബസുകള്‍ക്ക് പാടില്ല എന്ന് നിയമമില്ല. മുമ്പ് കാര്‍ഗോ സര്‍വീസ് ഉണ്ടായിരുന്നു. നിലവില്‍ ബസ് കാര്‍ഗോ ഇല്ല. അത് തിരികെ കൊണ്ടുവരാന്‍ പറ്റുമോ എന്നു നോക്കാമെന്നും മന്ത്രി പറഞ്ഞു.

cake tower new
LATEST NEWS

സ്റ്റാര്‍ഡം ബാധ്യതയായി, ഇല്ലായിരുന്നെങ്കില്‍ പേട്രിയറ്റ് കുറേക്കൂടി നല്ല സിനിമയായേനെ: പൃഥ്വിരാജ്

മമ്മൂട്ടി-മോഹന്‍ലാല്‍ കോമ്പോ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണന്‍...