മമ്മൂട്ടി-മോഹന്‍ലാല്‍ കോമ്പോ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണന് ഒരുക്കിയ ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ ചിത്രം ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, രേവതി, ദര്‍ശന രാജേന്ദ്രന്, സെറിന്‍ ഷിഹാബ് തുടങ്ങിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
പേട്രിയറ്റിന് വെല്ലുവിളിയായത് ചിത്രത്തിലെ സ്റ്റാര്‍ഡം ആണെന്നാണ് നടന് പൃഥ്വിരാജ് പറയുന്നത്. സ്റ്റാര്‍ഡമിന്റെ ബാധ്യതയില്ലായിരുന്നുവെങ്കില്‍ പേട്രിയറ്റ് കുറേക്കൂടി നല്ല ചിത്രമാകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.
‘വ്യക്തിപരമായി എനിക്ക് വര്‍ക്ക് ആയ സിനിമയാണ് പേട്രിയറ്റ്. കാരണം, വളരെ പ്രധാനപ്പെട്ട വിഷമയാണ് ആ ചിത്രം പറഞ്ഞത്. ഞാന്‍ നേരത്തെ കഥകള്‍ കേള്‍ക്കുന്നുവെന്നത് ഇപ്പോഴൊരു മീം ആയിട്ടുണ്ട്. പക്ഷെ സത്യത്തില്‍ പേട്രിയേറ്റിന്റെ കഥ ഞാന്‍ നേരത്തെ തന്നെ വായിച്ചിരുന്നു. മഹേഷ് എനിക്ക് നരേറ്റ് ചെയ്ത് തന്നിരുന്നു. അപ്പോള്‍ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. ഗംഭീര എഴുത്തായിട്ടാണ് തോന്നിയത്” പൃഥ്വിരാജ് പറയുന്നു.
”പെര്‍ഫെക്ട് ചിത്രമല്ല, ഒരു സിനിമയും പെര്‍ഫെക്ടല്ല. പേട്രിയറ്റ് ഞാന്‍ കണ്ടിരുന്നു. തിരക്കഥയില്‍ നിന്നും സിനിമയിലേക്ക് എത്തിയപ്പോള്‍ കുറേക്കൂടി നന്നാക്കാമായിരുന്നുവെന്നും മറ്റൊരു തരത്തിലായിരുന്നുവെങ്കില്‍ എന്നൊക്കെ എനിക്ക് തോന്നിയ ഭാഗങ്ങളുണ്ട്. ഒരുപക്ഷെ ഇത്ര വലിയ സ്റ്റാര്‍ഡമിന്റെ ബാധ്യതയില്ലായിരുന്നുവെങ്കില്‍ കുറേക്കൂടി നന്നാകുമായിരുന്നുവെന്ന് തോന്നുന്നു. പക്ഷെ ചില സീനുകളില്‍ മഹേഷ് നാരായണന് തകര്‍ത്തിട്ടുണ്ട്. വളരെ ക്ലാസ് ആയി മഹേഷ് ഒരുക്കിയ സീനുകളുണ്ട്”.
”പേട്രിയറ്റിലെ ചില നിമിഷങ്ങള്‍ ഇന്റര്‍നാഷണല്‍ സിനിമകളുടെ നിലവാരത്തിലേക്ക് ഉയര്‍ന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അതേസമയം എനിക്ക് വര്‍ക്കാകാത്ത ചില ഭാഗങ്ങളുമുണ്ട് സിനിമയില്‍” എന്നും പൃഥ്വിരാജ് പറയുന്നു.



















