കല്‍പ്പറ്റ: ‘മക്കളെ ഇട്ടേച്ച് ഞങ്ങള്‍ പോയെന്നാണ് കരുതിയത്. ഇത് രണ്ടാം ജന്മമാണ്’ വയനാട് കള്ളാടി ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് തമിഴ്നാട് സ്വദേശികളായ ബല്‍രാജും ഭാര്യ കൂടമ്മാളും പറയുന്നു. മീനാക്ഷി എസ്റ്റേറ്റിലെ എലം തൊഴിലാളികളായ ഇരുവരും ഇന്ന് അവധി ആയതിനാല്‍ ബാങ്കില്‍ പോകുന്നതിനായാണ് മേപ്പാടിയില്‍ എത്തിയത്. അതിനിടെയാണ് മിനാക്ഷി പാലത്തിന് സമീപം വന്‍തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. ഇരുവരും അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
‘ഞാനും ഭാര്യയും മേപ്പാടി ടൗണില്‍ വന്നതാണ്. ബസ് സ്റ്റോപ്പില്‍ ഇരുന്ന് മുകളിലേക്ക് നോക്കിയിരുമ്പോഴാണ് കുന്ന് ഇടിഞ്ഞുവരുന്നത് കണ്ടത്. ചെറിയ തോതില്‍ ശബ്ദവും കേട്ടിരുന്നു. ഉടനെ ഭാര്യയുടെ കൈപിടിച്ച് ഓടുന്നതിനിടെയാണ് മണ്ണ് ഒലിച്ചുവന്നത്. ലോറി ഒലിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ലോറിക്കടിയില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഞങ്ങള്‍ മക്കളെ ഇട്ടേച്ച് പോയെന്നാണ് വിചാരിച്ചത’് – ഇരുവരും പറഞ്ഞു.
കൂടമ്മാളിന് നേരിയ പരിക്കേറ്റതായും ബല്‍രാജ് പറഞ്ഞു. മീനാക്ഷിപുരം എസ്റ്റേറ്റിലെ ഏലം തൊഴിലാളികാളാണ് തമിഴ്നാട് സ്വദേശികളായ ഇരുവരും. ദീര്‍ഘനാളായി വയനാട്ടിലാണ് താമസം. എന്തെങ്കിലം ആവശ്യം വരുമ്പോള്‍ മാത്രമാണ് മേപ്പാടിയിലേക്ക് വരാറുള്ളത്. ഇന്ന് ബാങ്കില്‍ പോകേണ്ട ആവശ്യം ഉണ്ടായിരുന്നതിനാലാണ് മേപ്പാടിയില്‍ എത്തിയതെന്ന് ബല്‍രാജ് പറഞ്ഞു. രക്ഷപ്പെട്ടെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഇത് ഞങ്ങളുടെ രണ്ടാം ജന്മമാണെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയില്‍ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞ് മരിച്ചവരുടെ അഞ്ച് ആയി. തുരങ്ക പാതയ്ക്കായി നിര്‍മിച്ച കോണ്‍ക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലില്‍ തകര്‍ന്നു. മണ്ണിനടിയില്‍ കുടുങ്ങിയ ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. 7 പേരെ കാണാനില്ല. ഇവര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ മേപ്പാടി എസ്ഐക്കും പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ മുതല്‍ അതിതീവ്ര മഴയാണ് വയനാട്ടില്‍. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തുരങ്കപാതയുടെ നിര്‍മാണം നടക്കുന്ന മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കനത്ത മഴ കാരണം നിര്‍മാണ ജോലികള്‍ ഇന്നലെ നിര്‍ത്തിവച്ചിരുന്നു. പ്രദേശത്തുണ്ടായിരുന്നവരാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങി. അഗ്നിരക്ഷാസേന അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ദുരന്തനിവാരണ സേനാംഗങ്ങള്‍ പ്രദേശത്തേക്ക് തിരിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ച പുലര്‍ച്ചെയും ഈ മേഖലയില്‍ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ അതീവ ജാഗ്രത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
വയനാട് ജില്ലയില്‍ നാളെ വിദ്യാലയങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. എല്ലാ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാന്‍ ഉള്‍പ്പെടെ ഇറങ്ങാന്‍ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
















