ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Jul 10, 2026

seena

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. വടക്കന്‍ കേരളത്തിലാണ് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുള്ളത്. വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

ഇടിമിന്നലിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റ് വീശാനിടയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. തെക്ക്-പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിനും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ക്കും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദ മേഖല സ്ഥിതി ചെയ്യുന്നു. ഇത് വടക്ക്-കിഴക്ക് ദിശയിലേക്ക് നീങ്ങാനും ക്രമേണ ശക്തി കുറയാനും സാധ്യത. ഇതിന്റെ സ്വാധീനഫലമായി ജൂലൈ 13 വരെ കേരളം, മാഹി എന്നിവിടങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള -കര്‍ണാടക – ലക്ഷദീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -കര്‍ണാടക – ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

cake tower new
LATEST NEWS