തിരുവനന്തപുരം: കേരളത്തിലെ വയോധികര്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ വകുപ്പ് രൂപീകരിച്ചിരിക്കെ, പെന്‍ഷന്‍ വര്‍ധന ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് തലസ്ഥാനത്തെ ഒരു 88കാരന്‍. 80 വയസ്സ് കഴിഞ്ഞ പെന്‍ഷന്‍കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരക്കില്‍ അധിക പെന്‍ഷന്‍ അനുവദിക്കണമെന്നാണ് പട്ടം സ്വദേശിയായ എംജെ ആന്റണി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടുതല്‍ പേര്‍ക്കും ഇത്തരമൊരു അധിക പെന്‍ഷന്‍ ആനുകൂല്യത്തെക്കുറിച്ച് അറിവില്ലെന്ന് ആന്റണി പറയുന്നു. സുഹൃത്തും മറ്റൊരു പെന്‍ഷനറുമായിരുന്ന കെഎം ജോസഫിനൊപ്പമാണ് ആന്റണി ഈ ശ്രമങ്ങള്‍ ആരംഭിച്ചതെങ്കിലും, ജോസഫിന്റെ മരണത്തോടെ ആന്റണി ഒറ്റയ്ക്കായി. എങ്കിലും, പ്രായമായ തന്റെയും മറ്റ് ആയിരക്കണക്കിന് പെന്‍ഷന്‍കാരുടെയും ചികിത്സാച്ചെലവുകള്‍ക്കും അവശതകള്‍ക്കും പിന്തുണയായി ഈ അധിക പെന്‍ഷന്‍ നേടിയെടുക്കാനുള്ള പോരാട്ടത്തില്‍ നിന്ന് അദ്ദേഹം പിന്‍വാങ്ങിയിട്ടില്ല.
പെന്‍ഷന്‍ ഒരു ദാനമല്ലെന്നും വാര്‍ധക്യകാലത്ത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണെന്നും സുപ്രീംകോടതി മുന്‍പ് വിധിച്ചിട്ടുണ്ടെന്ന് ആന്റണി ചൂണ്ടിക്കാണിക്കുന്നു. പ്രസിദ്ധമായ ഡിഎസ് നകാര വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസിലാണത്. അഞ്ചാം കേന്ദ്ര ശമ്പള കമ്മീഷനും ആറാം ശമ്പള കമ്മീഷനും പ്രായമാകുന്തോറും ആരോഗ്യ ആവശ്യങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര ഫോര്‍മുല പ്രകാരം 80 വയസ്സ് തികയുമ്പോള്‍ അടിസ്ഥാന പെന്‍ഷന്റെ 20 ശതമാനം അധികമായി നല്‍കണം. പ്രായം കൂടുന്തോറും ഇത് വര്‍ധിപ്പിച്ച് 100 വയസ്സ് തികയുമ്പോള്‍ 100 ശതമാനം അധിക പെന്‍ഷന്‍ നല്‍കണം. കേരളമൊഴികെ മറ്റ് പല സംസ്ഥാനങ്ങളും ഈ കേന്ദ്ര മാതൃക പിന്തുടരുന്നുണ്ടെന്ന് ആന്റണി പറയുന്നു.
2009ലെ കേരള പേ റിവിഷന്‍ കമ്മീഷന്‍ 80 വയസ്സില്‍ 5 ശതമാനവും 100 വയസ്സില്‍ 50 ശതമാനവും അധിക പെന്‍ഷന്‍ ശുപാര്‍ശ ചെയ്‌തെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. 2011ല്‍ യുഡിഎഫ് തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കേന്ദ്ര നിരക്കിന് തുല്യമായി പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അധികാരം ലഭിച്ചപ്പോള്‍ അത് നടപ്പാക്കിയില്ല. തുടര്‍ച്ചയായി പത്ത് വര്‍ഷം ഭരണത്തിലിരുന്ന എല്‍ഡിഎഫ് സര്‍ക്കാരും ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ലെന്ന് ആന്റണി പറയുന്നു. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഈ ആവശ്യത്തെ തള്ളിക്കളയുകയായിരുന്നു. 2019ലെ കേരള ശമ്പള പരിഷ്‌കരണ കമ്മീഷന്‍ 80 വയസ്സ് കഴിഞ്ഞവര്‍ക്ക് പ്രതിമാസം 1000 രൂപ ‘പ്രത്യേക പരിചരണ അലവന്‍സ്’ ആയി നല്‍കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.
സംസ്ഥാനത്ത് പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍, 2011ലെ തെരഞ്ഞെടുപ്പ് വാഗ്ദാനവും ഭരണഘടനാപരമായ അവകാശവും സര്‍ക്കാര്‍ മാനിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആന്റണി ആവശ്യപ്പെടുന്നു. 80 കഴിഞ്ഞ മിക്ക പെന്‍ഷന്‍കാരും ശയ്യാവലംബരാണെന്നും മരുന്നുകള്‍ക്കും പരിചരണത്തിനുമായി വലിയ തുക ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നും അതിനാല്‍ ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും അദ്ദേഹം നിവേദനത്തില്‍ ആവശ്യപ്പെടുന്നു.


















