‘പ്രഭുദേവ കയർ കൊണ്ട് വലിച്ചപ്പോൾ എന്റെ പുറം പൊട്ടി ചോര വന്നു’; ആ സൂപ്പർ ഹിറ്റ് പാട്ടിന് പിന്നിലെ കഥ പറഞ്ഞ് റോജ

Jul 17, 2026

seena

ഒരുകാലത്ത് തെന്നിന്ത്യയിൽ തിളങ്ങി നിന്ന നടിമാരിലൊരാളാണ് റോജ. നിരവധി ഹിറ്റ് സിനിമകളുടെ ഭാ​ഗമാകാൻ റോജയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിത വലിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുകയാണ് റോജ. പ്രഭുദേവയ്ക്കൊപ്പം റോജ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കെ സുബാഷ് സംവിധാനം ചെയ്ത് 2000-ത്തിൽ പുറത്തിറങ്ങിയ ‘ഈഴൈയിൻ സിരിപ്പിൽ’.

ഈ ചിത്രത്തിലെ ‘കറു കറു കറുപ്പായി…’ എന്ന ​ഗാനം അന്ന് സൂപ്പർ ഹിറ്റായിരുന്നു. അടുത്തിടെ വിജയ് ചിത്രമായ ‘ലിയോ’യിലും ഈ പാട്ട് ഉപയോ​ഗിച്ചിരുന്നു. ‘ലിയോ’യിൽ വന്നതോടെ ഈ പാട്ട് വീണ്ടും ട്രെൻഡിങ്ങായി മാറി. ഇപ്പോഴിതാ ആ പാട്ടിന് പിന്നിലെ കഥ പറയുകയാണ് റോജ.

പാട്ട് ചിത്രീകരിക്കുമ്പോൾ തനിക്ക് പരിക്കേറ്റെന്നും വേദനയിലും സീൻ നന്നായി ഇരിക്കണമെന്നാണ് താൻ ചിന്തിച്ചതെന്നും പറയുകയാണ് റോജ. സിനിഉലകം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റോജ. “വിജയ് സാർ അത് ലിയോയിൽ വച്ചതു കൊണ്ട് ഇത്രയും വർഷങ്ങൾക്ക് ശേഷം എന്റെ പാട്ട് വീണ്ടും ശ്രദ്ധിക്കപ്പെട്ടു. ആ സമയത്തും ആ പാട്ട് സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോൾ അത് വീണ്ടും ട്രെൻഡിങ്ങായി.

എനിക്ക് ആ പാട്ടിന്റെ മ്യൂസിക് ഒരുപാട് ഇഷ്ടമാണ്. പ്രഭുദേവ സാർ അതിൽ ഡാൻസ് ചെയ്യുമ്പോൾ ഭയങ്കര ക്യൂട്ട് ആയിട്ടാണ് എനിക്ക് തോന്നിയത്. ഞാൻ നന്നായി ആസ്വദിച്ച് ചെയ്ത പാട്ടാണത്. ആ പാട്ടിന്റെ അർഥത്തെക്കുറിച്ചൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. പ്രഭുദേവയുടെ കൂടെ ഡാൻസ് ഉണ്ടെങ്കിൽ ഞാൻ ഭയങ്കര സന്തോഷത്തോടെ അത് ചെയ്യും.

എനിക്ക് എന്ത് സ്റ്റൈൽ ആണോ ഇഷ്ടം അത് അ​ദ്ദേഹം ചെയ്യും. എനിക്ക് ഡാൻസ് അറിയില്ല. പ്രഭുദേവയുടെ കൂടെ തുടരെ തുടരെ ചെയ്തപ്പോൾ എനിക്ക് അദ്ദേഹത്തിന്റെ സ്റ്റൈൽ മനസിലായി. ആ പാട്ടിൽ എന്റെ തോളിൽ കയറിട്ട് വലിക്കുന്ന ഒരു രം​ഗമുണ്ട്. കയർ വലിച്ചു കൊണ്ടാണ് ഡാൻസ് കളിക്കുന്നത്. ബ്ലൗസിന്റെ സ്ട്രാപ് കഴുത്തിൽ ചുറ്റുന്ന തരത്തിലുള്ളതായിരുന്നു.

കയർ ബ്ലൗസ് സ്ട്രാപ്പിൽ കുടുങ്ങി എന്റെ പുറം പൊട്ടി ചോര വന്നു. അങ്ങനെയായിരുന്നെങ്കിലും എനിക്ക് ആ ഷോട്ട് നന്നാകണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. കാരണം, ഒരു രംഗം ചിത്രീകരിച്ചാൽ, 100 അല്ലെങ്കിൽ 200 വർഷങ്ങൾക്ക് ശേഷവും അത് സ്‌ക്രീനിൽ മായ്‌ക്കപ്പെടില്ല.

അതുകൊണ്ട് തന്നെ എനിക്ക് പരിക്കുണ്ടായാലും പനി വന്നാലും എന്ത് സംഭവിച്ചാലും ഷൂട്ടിന് വന്ന് കഴിഞ്ഞാൽ ഓൺ സ്ക്രീനിൽ ഏറ്റവും നന്നായി ഇരിക്കണമെന്ന് എനിക്കുണ്ട്. ഇന്ന് ഞാൻ ആ പാട്ട് കാണുമ്പോഴെല്ലാം, എന്റെ പുറത്തെ ആ മുറിവും ചോര വന്നതുമൊക്കെ ഞാൻ ഓർക്കും. ഓരോ സിനിമയിലും ഓരോ സീനിലും പിന്നിൽ നടന്ന കഥ ഞാനിങ്ങനെ ഇടയ്ക്ക് ഓർക്കാറുണ്ട്. ആ സമയത്ത് ഞാൻ എന്താണ് ചെയ്തത്. എന്തൊക്കെയാണ് സംഭവിച്ചത് എന്നൊക്കെ ഞാനോർക്കാറുണ്ട്”. – റോജ പറഞ്ഞു.

cake tower new
LATEST NEWS
വിദേശികള്‍ കേരളത്തില്‍ പഠിക്കാനെത്തും, കേരളം ഉന്നതവിദ്യാഭ്യാസ ഹബ്ബാകും; ‘ക്യാംപസ് ഡൈവേഴ്‌സിറ്റി മിഷന്‍’ വരുന്നു

വിദേശികള്‍ കേരളത്തില്‍ പഠിക്കാനെത്തും, കേരളം ഉന്നതവിദ്യാഭ്യാസ ഹബ്ബാകും; ‘ക്യാംപസ് ഡൈവേഴ്‌സിറ്റി മിഷന്‍’ വരുന്നു

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നുമുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിച്ചുകൊണ്ട്...