റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ജീവിക്കണമെങ്കില്‍ മുന്‍കൂട്ടി സമ്പാദിക്കേണ്ടത് അത്യാവശ്യമാണ്. ഈ ഒരു ലക്ഷ്യം മുന്‍നിര്‍ത്തി മുന്‍കൂട്ടി സ്വരൂക്കുട്ടിയ പണം നിക്ഷേപിക്കാന്‍ പറ്റിയ നിരവധി പ്ലാനുകള്‍ എല്‍ഐസി അവതരിപ്പിച്ചിട്ടുണ്ട്. നിക്ഷേപസുരക്ഷയും മികച്ച വരുമാനവും ഉറപ്പുനല്‍കുന്നതിനൊപ്പം ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ കൂടി ലഭ്യമാക്കുന്ന എല്‍ഐസിയുടെ പ്ലാനാണ് വിവരിക്കാന്‍ പോകുന്നത്.
ഒറ്റത്തവണ മാത്രം നിക്ഷേപം നടത്തി ഉടന്‍ തന്നെ പെന്‍ഷന്‍ ലഭ്യമാക്കുന്ന എല്‍ഐസിയുടെ പെന്‍ഷന്‍ പ്ലാനാണ് ജീവന്‍ അക്ഷയ് VII. നിക്ഷേപകന്റെ താത്പര്യപ്രകാരം പ്രതിമാസമോ, മൂന്ന് മാസം കൂടുമ്പോഴോ, ആറ് മാസം കൂടുമ്പോഴോ അല്ലെങ്കില്‍ വര്‍ഷത്തിലൊരിക്കലോ പെന്‍ഷന്‍ കൈപ്പറ്റാവുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഇതൊരു നോണ്‍-ലിങ്ക്ഡ്, നോണ്‍-പാര്‍ട്ടിസിപ്പേറ്റിങ്, വ്യക്തിഗത ഇമ്മിഡിയേറ്റ് ആന്യുറ്റി പ്ലാനാണ്. 25 മുതല്‍ 85 വയസ് വരെ പ്രായമുള്ളവര്‍ക്ക് ഇതില്‍ ചേരാവുന്നതാണ്. പ്രത്യേക ഓപ്ഷനുകളില്‍ 100 വയസ് വരെ പ്രായമുള്ളവര്‍ക്ക് വരെ ഇതില്‍ ചേരാന്‍ അവസരമുണ്ട്.
പോളിസി ഹോള്‍ഡര്‍ക്ക് ലഭ്യമായ 10 ഓപ്ഷനുകളില്‍ നിന്ന് ഒറ്റത്തവണ തുക അടച്ചാല്‍ ഏത് തരം ആന്യുറ്റിയും തിരഞ്ഞെടുക്കാം. പോളിസിയുടെ ആരംഭത്തില്‍ തന്നെ ആന്യുറ്റി നിരക്കുകള്‍ ഉറപ്പുനല്‍കുന്നു. ഈ പ്ലാന്‍ ഓഫ്ലൈനായും ഓണ്‍ലൈനായും വാങ്ങാം. ഒരിക്കല്‍ തെരഞ്ഞെടുത്ത ആന്യുറ്റി ഓപ്ഷന്‍ മാറ്റാന്‍ കഴിയില്ല. എല്ലാ പോളിസി ഓപ്ഷനിലും മരണം വരെ പെന്‍ഷന്‍ ലഭിക്കും. ആന്യുറ്റി വാങ്ങുന്നയാള്‍/ പോളിസി ഉടമയുടെ മരണ ശേഷം പോളിസി എങ്ങനെ ഉപയോഗിക്കണം എന്നാണ് ഓരോ ഓപ്ഷനിലുമുള്ളത്. ഓപ്ഷന്‍ എ അനുസരിച്ച് പോളിസി ഉടമ ജീവിച്ചിരിക്കുന്നത് വരെ മാത്രമേ പെന്‍ഷന്‍ ലഭിക്കൂ. മരണശേഷം നോമിനിക്ക് തുകയൊന്നും ലഭിക്കില്ല. എന്നാല്‍ ഇതില്‍ പെന്‍ഷന്‍ തുക കൂടുതലായിരിക്കും. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുമിച്ച് ചേരാവുന്ന ജോയിന്റ് ഓപ്ഷനും ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 1000 രൂപയാണ്. അഞ്ചു ലക്ഷം രൂപയോ അതില്‍ കൂടുതലോ നിക്ഷേപിച്ചാല്‍ ഉയര്‍ന്ന ആന്യുറ്റി ലഭിക്കാനുള്ള അവസരവുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


















