സംസ്ഥാനത്ത് മൂന്ന് ജില്ലകളിലായി ഉണ്ടായ മഴക്കെടുതിയിൽ 5 പേർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞുവീണ് ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂർമലയിലെ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി ആണ് മരിച്ചത്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇടുക്കി കോലാഹലമേട്ടിൽ ലീലാമണി എന്നയാളുടെ വീടിനു മുകളിൽ മണ്ണ് വീണ് ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു.
പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. വീടുകളും റോഡുകളും വ്യാപാര സ്ഥാപനങ്ങളും കനത്ത മഴയിൽ മുങ്ങി. പത്തനംതിട്ടയിലെ ളാഹ, ഇടുക്കിയിലെ പീരുമേട്, തൊടുപുഴ എന്നിവിടങ്ങളിൽ അതിതീവ്ര മഴയാണ് കിട്ടിയത്. ളാഹയിൽ 25 സെന്റിമീറ്ററും പീരുമേടും തൊടുപുഴയും 21സെന്റിമീറ്ററും മഴ പെയ്തു.


















