ഷാഫി പറമ്പില്‍ കെപിസിസി അധ്യക്ഷ പദവിയിലേക്ക്? ചരടുവലി ശക്തമാക്കി കെസി; പുനഃസംഘടന ഉടന്‍

Aug 3, 2026

seena

ഡല്‍ഹി: സണ്ണി ജോസഫിന്റെ പിന്‍ഗാമിയായി ഷാഫി പറമ്പില്‍ എംപിയെ കെപിസിസി അധ്യക്ഷ പദവിയില്‍ എത്തിക്കാന്‍ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നീക്കം സജീവമാക്കി. കര്‍ണാടകയിലെ മന്ത്രിസഭാ വികസനം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ കേരളത്തിലെ പാര്‍ട്ടി പുനഃസംഘടനയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇനി മുന്‍ഗണന നല്‍കി പരിഗണിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കെസി പക്ഷത്തിന്റെ ചരടുവലി.

സണ്ണി ജോസഫ് വിഡി സതീശന്‍ സര്‍ക്കാരില്‍ മന്ത്രിയായതിനെത്തുടര്‍ന്ന്, രണ്ടു മാസമായി കെപിസിസി മുഴുവന്‍ സമയ അധ്യക്ഷനില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതു സംഘടനയ്ക്കുള്ളില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. നേതാക്കള്‍ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും മറ്റു മുന്‍ഗണനകള്‍ പറഞ്ഞ് എഐസിസി ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ അധ്യക്ഷ പദവി ലാക്കാക്കി എംപിമാരായ കൊടിക്കുന്നില്‍ സുരേഷും ആന്റോ ആന്റണിയും ലോബിയിങ് ശക്തമാക്കുകകയും ചെയ്തു.

ദലിത് വിഭാഗത്തില്‍നിന്നുള്ള കൊടിക്കുന്നിലിനെ കെപിസിസി അധ്യക്ഷനാക്കണമെന്ന്, ദലിത് വിഭാഗത്തില്‍നിന്നു തന്നെയുള്ള എഐസിസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് താത്പര്യമുണ്ട്. ഇതു പാര്‍ട്ടിക്ക് പുതിയൊരു മുഖം നല്‍കുമെന്നും പിന്നാക്കാര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യതയുണ്ടാക്കുമെന്നും ഖാര്‍ഗെ കരുതുന്നു. എന്നാല്‍ പ്രിയങ്ക ഗാന്ധിക്ക് ആന്റോ ആന്റണിയെ അധ്യക്ഷനാക്കുന്നതിനോടാണ് താത്പര്യമെന്നാണ് സൂചന. രാഹുല്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം ഷാഫി പറമ്പിലിനായി കെസി വേണുഗോപാല്‍ രാഹുലിനെ സമീപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

ഷാഫിയെ അധ്യക്ഷനാക്കുന്നതിലൂടെ ന്യൂനപക്ഷ വിഭാഗത്തെയും ഒപ്പം യുവാക്കളെയും ഒപ്പം കൂട്ടാന്‍ കഴിയുമെന്നാണ് കെസി പക്ഷം ഹൈക്കമാന്‍ഡിനു മുന്നില്‍ വാദിക്കുന്നത്.

അതേസമയം മുഖ്യമന്ത്രിപദം കൈവിട്ട കെസി കേരളത്തിലെ പാര്‍ട്ടിയില്‍ പിടിമുറുക്കി അതുവഴി ഭരണത്തെ കൈപ്പിടിയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന്, പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നു. കെപിസിസിക്ക് ശക്തമായ നേതൃത്വം ഇല്ലാത്ത സാഹചര്യത്തില്‍ ഭരണത്തില്‍ മുഖ്യമന്ത്രിയുടെ വണ്‍ മാന്‍ ഷായാണ് നടക്കുന്നതെന്ന പരാതി ഇവര്‍ക്കുണ്ട്. ഭരണ നേതൃത്വത്തിനു മേല്‍ പാര്‍ട്ടിക്കു കര്‍ശനമായ നിയന്ത്രണം വേണമെന്നും ഇവര്‍ക്ക് അഭിപ്രായമുണ്ട്. അതുകൊണ്ടുതന്നെ ഷാഫിയെ നേതൃത്വത്തില്‍ എത്തിക്കാനുള്ള കെസിയുടെ നീക്കത്തിന്, സതീശന്റെ രീതികളോട് എതിര്‍പ്പുള്ളവരുടെ നിശബ്ദ പിന്തുണയുണ്ടെന്നാണ് കോണ്‍ഗ്രസില്‍നിന്നു തന്നെയുള്ള സൂചന.

സണ്ണി ജോസഫിന്റെ പിന്‍ഗാമിയായി നേരത്തേ ബെന്നി ബഹനാന്റെ പേര് നേതൃത്വം സജീവമായി പരിഗണിച്ചിരുന്നു. മാത്യു കുഴല്‍നാടന്റെ പേരും പരിഗണനയില്‍ ഉണ്ടെങ്കിലും കെസിയുടെ താത്പര്യങ്ങള്‍ക്കാവും മുന്‍തൂക്കം ലഭിക്കുക. നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും കെസിയെ മുഖ്യമന്ത്രിപദത്തില്‍നിന്നു മാറ്റിനിര്‍ത്തേണ്ടി വന്ന സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുമെന്ന് ഒപ്പമുള്ളവര്‍ കരുതുന്നു.

cake tower new
LATEST NEWS
കാവേരിയിലെ അണക്കെട്ടുകള്‍ തുറന്നില്ല; കര്‍ണാടകയ്ക്ക് എതിരെ വിജയ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കാവേരിയിലെ അണക്കെട്ടുകള്‍ തുറന്നില്ല; കര്‍ണാടകയ്ക്ക് എതിരെ വിജയ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കര്‍ണാടക...