ഷാർജ: ഏഴ് വർഷമായി നാട്ടിൽ പോകാതെ ഷാർജ അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ കടുത്ത വെയിലും തണുപ്പുമേറ്റ് ജീവിച്ചിരുന്ന മലയാളി പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ പേപ്പർമിൽ ആഷിഖ് മൻസിലിൽ ഷാജഹാൻ (54) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഓഗസ്‌റ്റ് മൂന്നിന് വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. പാർക്കിൽ കിടന്നുറങ്ങുകയാണെന്ന് കരുതി ആരും ആദ്യം ശ്രദ്ധിച്ചിരുന്നില്ലെങ്കിലും, രാത്രി ഒൻപതോടെ ആരോ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിൽ വലിയ പ്രതിസന്ധികളാണ് ഷാജഹാൻ നേരിട്ടത്. 26 വർഷം മുൻപ് സൗദി അറേബ്യയിലെത്തി ഡ്രൈവറായി 10 വർഷത്തോളം ജോലി ചെയ്ത ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. പിന്നീട് ഏഴ് വർഷം മുൻപാണ് യുഎഇയിലേക്ക് വരുന്നത്. എന്നാൽ സൗദിയിലായിരുന്നപ്പോഴും യുഎഇയിലെത്തിയ ശേഷവും സ്വന്തം കുടുംബവുമായി യാതൊരു ബന്ധവും പുലർത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല. മകൾ തസ്‌നിമിന്റെയും മകൻ ആഷിഖിന്റെയും വിവാഹ മംഗളകർമ്മങ്ങൾക്ക് പോലും ഷാജഹാൻ നാട്ടിലേക്ക് പോയിരുന്നില്ല.

ഷാർജ സൗദി പള്ളിക്കടുത്തുള്ള അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിലായിരുന്നു നിരാലംബനായ അദ്ദേഹത്തിന്റെ ജീവിതം. പള്ളിയിൽ നിന്ന് പ്രാഥമികാവശ്യങ്ങൾ നിറവേറ്റിയും മറ്റുള്ളവർ നൽകുന്ന ഭക്ഷണം കഴിച്ചും ദിവസം തള്ളിനീക്കിയ അദ്ദേഹം കടുത്ത പ്രമേഹബാധിതനായിരുന്നെങ്കിലും മരുന്നുകൾ കഴിക്കാൻ കൂട്ടാക്കിയിരുന്നില്ല. മുൻപ് വിശന്നുതളർന്നിരുന്ന ഷാജഹാനെ കണ്ട് ഭക്ഷണം വാങ്ങിനൽകിയ സാമൂഹികപ്രവർത്തക മായയോട് ഒരിക്കൽ അദ്ദേഹം ഭാര്യ ഷൈലജയുടെ ഫോൺ നമ്പർ കൈമാറിയിരുന്നു. തുടർന്ന് മായ നാട്ടിലേക്ക് വിളിച്ച് സംസാരിച്ചപ്പോഴാണ് വർഷങ്ങളായി കുടുംബവുമായി ബന്ധമില്ലെന്നും കടബാധ്യതകൾ വീട്ടാൻ നെട്ടോട്ടമോടുകയാണെന്നും കുടുംബം വ്യക്തമാക്കുന്നത്. യുഎഇ ഡ്രൈവിങ് ലൈസൻസുള്ള താങ്കൾക്ക് വീണ്ടും ജോലി ചെയ്തൂടെ എന്ന് മായ ചോദിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല.
പാർക്കിൽ ഒരു മലയാളി മരണപ്പെട്ട വിവരമറിഞ്ഞ് സംശയം തോന്നിയ മായ, പഴയ നമ്പർ തിരഞ്ഞുപിടിച്ച് നാട്ടിലേക്ക് വിളിച്ച് പാസ്പോർട്ട് കോപ്പിയും ഫോട്ടോയും വാങ്ങിയാണ് മരിച്ചത് ഷാജഹാൻ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ഏഴ് വർഷമായി ഫോണിൽ പോലും സംസാരിച്ചിട്ടില്ലെന്നും അവസാനമായി വാപ്പയുടെ മുഖമൊന്ന് കാണാൻ മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ കോൺസുലേറ്റും സാമൂഹിക പ്രവർത്തകരും സഹായിക്കണമെന്നും മകൾ തസ്‌നിം അഭ്യർത്ഥിച്ചു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ നാട്ടിലേക്ക് കൊണ്ടുപോകും.


















