പാറശ്ശാല : പൊഴിയൂർ, ഉച്ചക്കട മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാകുന്നു. ഇതുകാരണം വഴിനടക്കുവാൻപോലുമാകാതെ നാട്ടുകാർ ബുദ്ധിമുട്ടിയിട്ടും നടപടി സ്വീകരിക്കുവാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.കാരോട്, കുളത്തൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പൊഴിയൂർ, ഉച്ചക്കട മേഖലയിലാണ് അക്രമകാരികളായ തെരുവുനായ്ക്കളുടെ ശല്യം വർധിക്കുന്നത്.
ജനവാസമേഖലകളിലടക്കം സംഘങ്ങളായാണ് ഇവയുടെ സഞ്ചാരം. രാത്രിയിൽ ഒറ്റയ്ക്കെത്തുന്ന കാൽനട, ബൈക്ക് യാത്രക്കാരെ ആക്രമിക്കുന്നതും പതിവാണ്.
സ്കൂൾ വിദ്യാർഥികളടക്കം കടന്നുപോകുന്ന പാതകളിലെ തെരുവുനായ്ക്കളുടെ ശല്യം രക്ഷിതാക്കളെയും ഭീതിയിലാക്കുന്നുണ്ട്. കുട്ടികൾക്കുനേരേയാണ് തെരുവുനായ്ക്കൾ ആക്രമണസ്വഭാവം കൂടുതൽ കാണിക്കുന്നത്.

വിരാലി, പൊഴിയൂർ മേഖലകളിൽ ഭക്ഷണമാലിന്യം വൻതോതിൽ റോഡരികിൽ ഉപേക്ഷിക്കുന്നത് തെരുവുനായ്ക്കൾ ഈ മേഖലയിൽ കേന്ദ്രീകരിക്കുവാൻ കാരണമാകുന്നുണ്ട്.
മേഖലയിലെ ഹോട്ടലുകളിലെയും വീടുകളിലെയും ഭക്ഷണാവശിഷ്ടങ്ങളും മാലിന്യത്തിനൊപ്പം തള്ളുന്നതിനാൽ തെരുവുനായ്ക്കൾ ഇവിടെത്തന്നെ തമ്പടിക്കുന്നു.
ചിലർ സ്ഥിരമായി തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതും തെരുവുനായ്ക്കളുടെ സാന്നിദ്ധ്യം വർധിപ്പിക്കുവാൻ കാരണമാകുന്നു.
തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് പ്രദേശവാസികൾ പലതവണ വിലക്കിയെങ്കിലും ഇവർ അനുസരിക്കാറില്ലായെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ജനവാസമേഖലയിലെ തെരുവുനായ്ക്കളുടെ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നിരവധിതവണ കുളത്തൂർ, കാരോട് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിക്കുവാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്.അതിർത്തി പഞ്ചായത്തുകളിൽ തെരുവുനായ്ക്കളുടെ വർധിച്ച സാന്നിദ്ധ്യത്തിനുപിന്നിൽ തമിഴ്നാട്ടിൽനിന്നുള്ളവരെന്ന് ആരോപണം ഉയരുന്നു. തമിഴ്നാടിന്റെ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളെ പിടികൂടി ടിപ്പർലോറികളിൽ അതിർത്തി കടത്തി കേരളത്തിന്റെ ഭാഗത്ത് ഉപേക്ഷിക്കുന്ന സംഘങ്ങൾ അതിർത്തിപ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്.
കുഴിത്തുറ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇത്തരത്തിൽ തെരുവുനായ്ക്കളെ അതിർത്തി കടത്തുന്നത്. തമിഴ്നാടിന്റെ അതിർത്തിപ്രദേശത്തെ ജനവാസമേഖലകളിൽ തെരുവുനായശല്യം വർധിക്കുമ്പോൾ പ്രദേശത്തെ റെസിഡെൻസ് അസോസിയേഷനുകൾ കുഴിത്തുറ കേന്ദ്രീകരിച്ചുള്ള സംഘത്തിന്റെ സഹായം തേടുകയാണ് പതിവ്. ഇവർ തെരുവുനായ്ക്കളെ പിടികൂടി നാടുകടത്തുകയാണ് ചെയ്യുന്നത്. കോവിഡ് കാലത്ത് ഇത്തരത്തിൽ തെരുവുനായ്ക്കളെ ഉപേക്ഷിക്കുവാനെത്തിയ സംഘത്തെ പാറശ്ശാലയ്ക്കുസമീപം കാരാളിയിൽ പ്രദേശവാസികൾ പിടികൂടി മടക്കിയയച്ചിരുന്നു.


















