മാതൃകയായി കമലയും മമതയും; മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് പവൻ സ്വർണവും പണവും തിരികെ നൽകി

Aug 12, 2026

seena

പൊയിനാച്ചി: മാലിന്യ ശേഖരണത്തിനിടെ കളഞ്ഞുകിട്ടിയ രണ്ടു പവൻ സ്വർണമാലയും 30,170 രൂപയും ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി പള്ളിക്കര പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾ നാടിന് മാതൃകയായി. പഞ്ചായത്തിലെ 10, 11 വാർഡുകളിലെ ഹരിതസേന പ്രവർത്തകരായ കമല, എൻ. മമത എന്നിവരാണ് സത്യസന്ധത ഉയർത്തിപ്പിടിച്ച് കൈയ്യടി നേടിയത്.

കരിച്ചേരിയിലെ പറമ്പിലെ കൃഷ്ണന്റെ വീട്ടിൽ നിന്ന് മാലിന്യം ശേഖരിച്ച് തരംതിരിക്കുന്നതിനിടയിലാണ് ഇവർക്ക് ഒരു പഴയ സഞ്ചി ലഭിക്കുന്നത്. സംശയം തോന്നി തുറന്നുനോക്കിയപ്പോഴാണ് കടലാസിൽ പൊതിഞ്ഞ നിലയിൽ രണ്ട് പവന്റെ സ്വർണമാലയും മറ്റൊരു കടലാസിൽ സൂക്ഷിച്ച 30,170 രൂപയും കണ്ടെത്തിയത്.

കൃഷ്ണന്റെ അടുത്തിടെ അന്തരിച്ച ഭാര്യ ശാന്ത ഉപയോഗിച്ചിരുന്ന പഴയ സഞ്ചിയായിരുന്നു ഇത്. ചീർപ്പും പൗഡറും അടങ്ങിയ ഈ സഞ്ചിയിൽ സ്വർണവും പണവും ഉള്ളത് അറിയാതെ വീട്ടുകാർ മാലിന്യത്തിനൊപ്പം പുറത്തേക്ക് കളയുകയായിരുന്നു. സ്വർണവും പണവും കണ്ടുകിട്ടിയ ഉടൻ തന്നെ ഇരുവരും ഗൃഹനാഥനായ കൃഷ്ണനെ നേരിൽക്കണ്ട് സാധനങ്ങൾ ഏൽപ്പിച്ചു. നാടിനാകെ മാതൃകയായ ഹരിതകർമസേനാംഗങ്ങളുടെ നല്ല മനസ്സിനെ നാട്ടുകാരും പള്ളിക്കര പഞ്ചായത്ത് അധികൃതരും അഭിനന്ദിച്ചു.

cake tower new
LATEST NEWS