ആലപ്പുഴ: കരുവാറ്റയിൽ 67-കാരനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതക ദൃശ്യങ്ങൾ 13-കാരിയായ ബന്ധുവായ പെൺകുട്ടി വീഡിയോ കോളിലൂടെ തത്സമയം കണ്ടിരുന്നതായി പൊലീസ് കണ്ടെത്തി. പെൺകുട്ടിക്ക് ഐഫോൺ വാങ്ങുന്നതിനും, കൂട്ടുപ്രതികളായ പരവൂർ സ്വദേശികളായ വിദ്യാർത്ഥികൾക്ക് ബൈക്ക് വാങ്ങുന്നതിനുമാണ് വീട്ടിൽ നിന്ന് സ്വർണം കവർന്നതെന്നാണ് വിവരം. സംഭവത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയും മൂന്ന് വിദ്യാർത്ഥികളെയുമാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ശിവൻകുട്ടിയുടെ ഭാര്യയും മകളും വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം നടത്തിയത്. മകളെ പ്രസവത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഭാര്യയും മകൾക്കൊപ്പമായിരുന്നു. ഇതോടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം പരീക്ഷയുണ്ടെന്ന വ്യാജേന അവിടെ നിന്നിറങ്ങിയ പെൺകുട്ടി വീട്ടിലെത്തി, വീട് അകത്തുനിന്നും പൂട്ടിയിരിക്കുകയാണെന്നും തുറക്കാൻ കഴിയുന്നില്ലെന്നും നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം നേരിട്ട് കണ്ടിട്ടും പെൺകുട്ടിക്ക് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. ആദ്യഘട്ടത്തിൽ പോലീസിന് സംശയം തോന്നിയിരുന്നില്ല. എന്നാൽ പെൺകുട്ടി പരീക്ഷ എഴുതാൻ സ്കൂളിൽ പോകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പെരുമാറ്റത്തിൽ സംശയം തോന്നി പൊലീസ് ചോദ്യം ചെയ്തതും ക്രൂരകൃത്യത്തിന്റെ ചുരുളഴിഞ്ഞതും.

ഒരു പ്രൊഫഷണൽ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് ആദ്യമേ ഉറപ്പിച്ച പൊലീസ്, വീട്ടിനുള്ളിൽ നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തിലാണ് അന്വേഷണം നടത്തിയത്. കൈകാലുകൾ ബന്ധിച്ച നിലയിൽ വിവസ്ത്രനാക്കിയാണ് 67-കാരന്റെ മൃതദേഹം കണ്ടെത്തിയത്. തെളിവ് നശിപ്പിക്കാനായി വീട്ടിനുള്ളിലാകെ മുളകുപൊടി വിതറിയിരുന്നു. ആറു പവൻ സ്വർണമാണ് വീട്ടിൽ നിന്നും മോഷണം പോയത്. കൂട്ടുപ്രതികൾ കൂടെ പഠിച്ചവരും പരിചയക്കാരുമാണ്.
രാത്രി വീട്ടിലെത്തിയ പ്രതികൾ ശൗചാലയത്തിന്റെ വെന്റിലേഷൻ വഴിയാണ് അകത്തുകയറിയത്. ശ്വാസം മുട്ടിച്ചാണ് ശിവൻകുട്ടിയെ കൊലപ്പെടുത്തിയത്. ഈ കുട്ടികൾക്ക് പ്രായപൂർത്തിയായ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.


















