കുല മാത്രമല്ല, ഇലയിലുമുണ്ട് കോടികളുടെ ലാഭം; വാഴ കര്‍ഷകര്‍ക്ക് സുവര്‍ണാവസരം

Aug 21, 2026

seena

ഒരിക്കലെങ്കിലും വാഴക്കൃഷി ചെയ്യാത്ത കര്‍ഷകര്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകില്ല. കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും വാഴക്കൃഷിക്ക് അത്രയും അനുയോജ്യമാണ്. എന്നാല്‍ ഉദ്ദേശിച്ച വില കിട്ടിയില്ലെന്ന കാരണത്താല്‍ പിന്നീട് വാഴക്കൃഷി നടത്താത്ത നിരവധി കര്‍ഷകര്‍ നമുക്കിടയിലുണ്ടാകും. എന്നാല്‍ വാഴക്കായ വില്‍ക്കുന്നതിനപ്പുറം, വാഴയിലയുടെ വിപണി സാധ്യത മനസ്സിലാക്കാന്‍ എത്ര മലയാളികള്‍ തയ്യാറായിട്ടുണ്ടാകും? ഓണക്കാലത്ത് വാഴയിലയ്ക്കു വന്ന വന്‍ ഡിമാന്‍ഡും വിപണിയിലെ ആ വലിയ സാധ്യത തുറന്നു കാണിക്കുകയാണ്.

മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട ആഘോഷമാണ് ഓണം. ഓണസദ്യ രുചികളുടെ മഹാമേളയാണെങ്കില്‍, അതു വിളമ്പാനുള്ള വേദി തൂശനിലയാണെന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിങ്ങം പിറന്നതോടെ വിവാഹങ്ങളും സ്ഥാപനങ്ങളിലെ ഓണാഘോഷങ്ങളും സജീവമായതോടെ വാഴയിലയ്ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്. എന്നാല്‍ തനിനാടന്‍ ശൈലിയിലുള്ള ഓണസദ്യയ്ക്ക് ഇന്നും നമ്മള്‍ തമിഴ്‌നാട്ടിലെ ഇലകളെയാണ് ആശ്രയിക്കുന്നത്.

കിഴക്കന്‍ മേഖലയിലെ നാടന്‍ കര്‍ഷകര്‍ വാഴയില ഒന്നിന് 5 മുതല്‍ 7 രൂപ വരെ നിരക്കിലാണ് വില്‍ക്കുന്നത്. 100 ഇല അടങ്ങിയ ഒരു കെട്ടിന് 1000 രൂപ മുതല്‍ 1500 രൂപ വരെയാണ് നിലവിലെ വില. നഗരങ്ങളില്‍ വാഴയില വില തോന്നുംപടിയാണ്. ഉത്രാടം അടുക്കുന്നതോടെ വില ഇനിയും കുത്തനെ ഉയരാനാണ് സാധ്യത. നാടന്‍ ഇലകള്‍ ലഭ്യമാണെങ്കിലും മേന്മയുള്ള വടിവൊത്ത നാക്കിലകള്‍ക്കായി കോയമ്പത്തൂര്‍, തൂത്തുക്കുടി, തഞ്ചാവൂര്‍, തെങ്കാശി, തിരുനെല്‍വേലി തുടങ്ങിയ സ്ഥലങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്.

വിദേശ വിപണിയിലെ സുവര്‍ണാവസരം

മലയാളികള്‍ എവിടെയുണ്ടോ, അവിടെ ഓണാഘോഷവുമുണ്ട്. വിദേശമലയാളികള്‍ക്കായി കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് മാത്രം 2 കോടി രൂപയുടെ വാഴയിലയാണ് കയറ്റുമതി ചെയ്യുന്നത്. തമിഴ്‌നാട്ടിലെ കമ്പം, തേനി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ കൃഷി ചെയ്യുന്ന കദളിവാഴയുടെ ഇലകളാണ് ഒന്നാംകിട ഉല്‍പന്നമായി കയറ്റുമതി ചെയ്യുന്നത്. ഒരു കിലോഗ്രാമില്‍ 70-80 ഇലകള്‍ ഉണ്ടാകും. വിദേശ വിപണിയില്‍ ഇതിന് 800 മുതല്‍ 1100 രൂപ വരെ ലഭിക്കും (ഒരു ഇലയ്ക്ക് ഏകദേശം 10 മുതല്‍ 13 രൂപ വരെ). പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം കാര്‍ഗോ നിരക്ക് ഇരട്ടിയോളമായിട്ടും, വിദേശത്തെ ഹോട്ടലുകളിലും മലയാളികളുടെ വീടുകളിലും വാഴയിലയ്ക്കുള്ള ഡിമാന്‍ഡ് കുറഞ്ഞിട്ടില്ല.

പരമ്പരാഗതമായി സദ്യ വിളമ്പാന്‍ ഉപയോഗിക്കുന്ന തൂശനിലയ്ക്ക് മികച്ച ആരോഗ്യ ഗുണങ്ങളുമുണ്ട്. വാഴയിലയില്‍ അടങ്ങിയിരിക്കുന്ന ക്ലോറോഫില്‍, ആന്റിഓക്സിഡന്റ്, ആന്റിമൈക്രോബയല്‍ ഗുണങ്ങളുള്ള സസ്യസംയുക്തങ്ങള്‍ എന്നിവ ഭക്ഷണത്തിന് ഗുണകരമാണ്. ഓണം കഴിഞ്ഞാലും കേരളത്തിലെ റസ്‌റ്റോറന്റുകളില്‍ വാഴയിലയ്ക്ക് ഡിമാന്‍ഡ് ഒട്ടും കുറയുന്നില്ല. നാടന്‍ ഭക്ഷണം കഴിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ നഗരങ്ങളിലും വാഴയില കിട്ടാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ വര്‍ഷം മുഴുവനും ആവശ്യക്കാരുള്ള ഉല്‍പ്പന്നമായി വാഴയില മാറുന്നു.

നമ്മുടെ നാട്ടില്‍ ആവശ്യത്തിന് വാഴയില ലഭ്യമല്ലാത്തതിനാല്‍ കോടികളാണ് അയല്‍ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത്. ഈ സാഹചര്യത്തില്‍ വാഴയില ഉത്പാദനത്തെ ലക്ഷ്യമിട്ടുള്ള വാഴക്കൃഷി കേരളത്തിലെ കര്‍ഷകര്‍ക്ക് വലിയ ലാഭം സമ്മാനിക്കുന്ന ഒന്നായി മാറ്റാന്‍ സാധിക്കും. നാടന്‍ വാഴക്കൃഷിയെ വാഴയില ഉത്പാദനത്തിനായി വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിച്ചാല്‍ കര്‍ഷകര്‍ക്ക് മികച്ച വരുമാനം നേടിക്കൊടുക്കാന്‍ ഈ മേഖലയ്ക്ക് സാധിക്കുമെന്ന് സാരം.

cake tower new
LATEST NEWS
ബെവ്‌കോ സാമ്പത്തിക നഷ്ടത്തില്‍; കാരണം എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനങ്ങളെന്ന് മന്ത്രി എം ലിജു

ബെവ്‌കോ സാമ്പത്തിക നഷ്ടത്തില്‍; കാരണം എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനങ്ങളെന്ന് മന്ത്രി എം ലിജു

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു. ബെവ്‌കോ...