കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ അർധ സെഞ്ച്വറി നേടി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് റെക്കോർഡ് നേട്ടത്തിലെത്തി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ (ഡബ്ല്യുടിസി) ഏറ്റവും കൂടുതൽ റൺസെടുക്കുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് പന്ത് സ്വന്തം പേരിലാക്കിയത്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ റെക്കോർഡാണ് പന്ത് പിന്തള്ളിയത്.

42 ടെസ്റ്റുകൾ കളിച്ച് പന്ത് 2948 റൺസാണ് ഡബ്ല്യുടിസിയിൽ ഇതുവരെ നേടിയത്. ഇത്രയും മത്സരങ്ങൾ കളിച്ച ഗില്ലിന് 2917 റൺസാണ് നേട്ടം. 40 ടെസ്റ്റുകളിൽ നിന്നു 2716 റൺസുമായി രോഹിത് ശർമയാണ് പട്ടികയിലെ മൂന്നാമാൻ. രവീന്ദ്ര ജഡേജ (50 ടെസ്റ്റിൽ നിന്ന് 2675 റൺസ്), വിരാട് കോഹ്‍ലി (46 ടെസ്റ്റിൽ നിന്ന് 2617 റൺസ്) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ. നിലവിൽ കളിക്കുന്നവരിൽ വെറും 30 ടെസ്റ്റിൽ നിന്നു 2588 റൺസുമായി യശസ്വി ജയ്സ്വാളും നിൽക്കുന്നു.

വിദേശ പച്ചിലെ ‘പന്ത്’
വിദേശ മണ്ണിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസെടുക്കുന്ന വിക്കറ്റ് കീപ്പർ ബാറ്ററായും പന്ത് മാറി. ഇതിഹാസ നായകൻ എംഎസ് ധോനിയേയാണ് പന്ത് പിന്നിലാക്കിയത്. ധോനി 2496 റൺസാണ് നേടിയത്. പന്തിന്റെ വിദേശ പിച്ചിലെ റൺസ് നേട്ടം 2500 പിന്നിട്ടു. 42 റൺസ് ശരാശരിയിലാണ് പന്തിന്റെ കുതിപ്പ്. ധോനിയുടെ ശരാശരി 32.84 ആയിരുന്നു. 1209 റൺസെടുത്ത ഫാറൂഖ് എൻജിനീയർ ആണ് ഈ പട്ടികയിലെ മൂന്നാമൻ. സയ്യിദ് കിർമാനി 1109 റൺസ്, കിരൺ മോറെ 901 റൺസ് എന്നിവരാണ് പട്ടികയിലെ അടുത്ത സ്ഥാനക്കാർ.
രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ 3 റൺസിൽ നിൽക്കെ പരിക്കേറ്റ് പന്ത് റിട്ടയേർഡ് ഹട്ടായി മടങ്ങിയിരുന്നു. രണ്ടാം ദിനത്തിൽ തിരിച്ചെത്തി താരം 6 ഫോറും രണ്ട് സിക്സും സഹിതം 63 റൺസെടുത്തു. പരമ്പരയിൽ പന്ത് നേടുന്ന രണ്ടാം അർധ സെഞ്ച്വറിയാണിത്. കരിയറിലെ 21ാം ടെസ്റ്റ് അർധ സെഞ്ച്വറി കൂടിയാണ് താരം കൊളംബോയിൽ സ്വന്തമാക്കിയത്.



















